ആറ് മണിക്കൂർ; യാഷ് വാന്റെ വൃക്ക റോഡുമാർഗം കോഴിക്കോട്ടെത്തി

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ യാഷ് വാന്റെ വൃക്ക തിരുവനന്തപുരത്ത് നിന്നും റോഡുമാർഗം കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്നും രാവിലെ 11 മണിക്ക് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് അഞ്ചോടെ കോഴിക്കോട് ഇക്ര ആശുപത്രയിലെത്തി. കണ്ണൂർ സ്വദേശിയായ 17കാരനാണ് വൃക്ക സ്വീകരിക്കുന്നത്. സമയബന്ധിതമായി അവയവം എത്തിക്കുന്നതിനായി യാത്രയിലുടനീളം പൊലീസ് പ്രത്യേക 'ഗ്രീൻ കോറിഡോർ' സൗകര്യം ഒരുക്കിയിരുന്നു. KL 16 W 424 രജിസ്ട്രേഷൻ നമ്പരുള്ള ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിച്ചത്.
റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. യാഷ് വാന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, കോർണിയ എന്നീ അവയവങ്ങളാണ് വിവിധ രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഒരു വൃക്ക കോഴിക്കോട്ടുള്ള രോഗിക്കും ബാക്കി അവയവങ്ങളെല്ലാം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലുമാണ് മാറ്റിവയ്ക്കുന്നത്. കോട്ടയം വിജയപുരം സ്വദേശിയായ നാലു വയസുകാരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത്.
സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷ് വാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ലോകിനേനി രഘു. അമ്മ: സൗമ്യ പാപ്പറാവു.











0 comments