ഡ്യൂട്ടി മുറിയിൽ ഡോക്ടർ മരിച്ച നിലയിൽ; മുറിയിൽ സിറിഞ്ചും ഒഴിഞ്ഞ മരുന്ന് കുപ്പികളും

പ്രതീകാത്മക ചിത്രം, എഐ നിർമിതം
ന്യൂഡൽഹി: ഡ്യൂട്ടി മുറിയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോ. സിമർപ്രീത് സിങ് ആനന്ദി(35)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് മൂന്നുപേജുള്ള ആത്മഹത്യക്കുറിപ്പും ഡയറിയും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് സിമർപ്രീത് സിങ് ആനന്ദ്. കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ജൂലൈ നാലിന് രാത്രി എട്ട് മുതൽ അടുത്തദിവസം രാവിലെ എട്ട് വരെയായിരുന്നു ഡോ. ആനന്ദിന്റെ ഷിഫ്റ്റ്. രാവിലെ ഡ്യൂട്ടിറൂം അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ ബലമായി തുറന്നു. ഈ സമയം ഡോക്ടർ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടറുടെ ഇടത് കൈയിൽ കാനുല ഘടിപ്പിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയിലെ ടെക്‌നീഷ്യൻ കാനുല ഇട്ടതായും വിവരമുണ്ട്. സംഭവസ്ഥലം ജില്ലാ ക്രൈം ടീമും ഫൊറൻസിക് ശാസ്ത്ര ലബോറട്ടറിയിലെ സംഘവും പരിശോധിച്ചു. മുറിയിൽനിന്ന് സിറിഞ്ച്, ഒഴിഞ്ഞ മരുന്ന് കുപ്പികൾ, മൂന്ന് പേജുള്ള കുറിപ്പ്, കറുത്ത ബാഗിൽ സൂക്ഷിച്ചിരുന്ന ഡയറി എന്നിവ കണ്ടെത്തിയതായി പൊലീസ് പറയുന്നു. മരണം ആത്മഹത്യയാണെന്ന് കുറിപ്പിൽനിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.
അനസ്തീഷ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന സഹഡോക്ടർ ആകാംക്ഷ ചൗധരിയുമായുള്ള ബന്ധത്തെക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യത്യസ്ത ജാതികളിൽപ്പെട്ടവരായതിനാൽ ഇരുവരുടെയും കുടുംബങ്ങൾ സമ്മതിച്ചിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











0 comments