ചോദ്യപേപ്പറിൽ ഉത്തരവും അച്ചടിച്ചു; കേരള സർവകലാശാല പരീക്ഷയിൽ ഗുരുതര വീഴ്ചയെന്ന് പരാതി

ഫയൽ ചിത്രം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി പരാതി. ചോദ്യപേപ്പറിലെ അഞ്ചാമത്തെ ചോദ്യത്തോടൊപ്പം അതിന്റെ ഉത്തരവും അച്ചടിച്ചുവന്നുവെന്നാണ് പരാതി. പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ ലഭിച്ച ശേഷമാണ് വിദ്യാർത്ഥികളും അധ്യാപകരും ഈ ക്രമക്കേട് ശ്രദ്ധയിൽപ്പെടുന്നത്.
സംഭവത്തിൽ പരീക്ഷാ കൺട്രോളർ ബോർഡ് ഓഫ് എക്സാമിനേഷനോട് അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ഭാഗത്ത് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ബോർഡ് ഓഫ് സ്റ്റഡീസ് അധികൃതരുടെ വാദം. “അനുബന്ധ ചോദ്യം എന്ന നിലയ്ക്കാണ് വിവാദഭാഗം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത്. അതിനെ ഉത്തരമായി വ്യാഖ്യാനിക്കാൻ കഴിയില്ല,” ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ വ്യക്തമാക്കി.
ബോർഡ് ഓഫ് സ്റ്റഡീസ് നൽകിയ വിശദീകരണം അടക്കമുള്ള റിപ്പോർട്ട് പരീക്ഷാ കൺട്രോളർ തുടർനടപടികൾക്കായി വൈസ് ചാൻസലർക്ക് (കൈമാറും. ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും അത് പരിശോധിക്കുന്നതിലും പരീക്ഷാ ബോർഡിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായെന്നാണ് വിദ്യാർത്ഥി സംഘടനകളും ഉദ്യോഗാർത്ഥികളും ആരോപിക്കുന്നത്.











0 comments