അയോധ്യ ക്ഷേത്രക്കൊള്ള: ട്രസ്റ്റ് യോഗം ഇന്ന്, സുരക്ഷയുടെ പേരിൽ വേദി മാറ്റി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പകൽക്കൊള്ളയുടെ വിവരങ്ങൾ പുറത്തു വന്നതോടെ ഉയര്‍ന്ന തുടര്‍വിവാദങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ രാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചേരും.
മണി രാം ദാസ് ചൗവാനിയിൽ നടത്താനിരുന്ന യോഗം രാമ ക്ഷേത്ര കോംപ്ലക്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ എന്നാണ് വിശദീകരണം. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ സമർപ്പിച്ച രാജിക്കത്തുകൾ ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ഇവരുടെ രാജി അംഗീകരിക്കുകയാണെങ്കിൽ ട്രസ്റ്റിലെ പ്രധാന പദവികളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുന്നതിനെക്കുറിച്ചും യോഗം തീരുമാനമെടുക്കും.
ക്ഷേത്രക്കൊള്ള പുറത്തെത്തി തുടങ്ങിയതോടെ ആശുപത്രിയിലായ ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് തന്റെ വസതിയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ അധ്യക്ഷത വഹിച്ചേക്കും. കേന്ദ്ര സർക്കാർ സെക്രട്ടറി പ്രശാന്ത് ലോക, ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദ് എന്നിവരും ഓൺലൈനായി പങ്കെടുത്തേക്കുമെന്നാണ് വിവരങ്ങൾ.
അതേസമയം, രാമക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര യോഗത്തിൽ പങ്കെടുക്കില്ല. വിവാദത്തിലകപ്പെട്ട ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ യോഗത്തിൽ സംബന്ധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Related News
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂൺ 23-ന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് പേരെ എസ്‌ഐടി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ പണം കടത്തുന്നത് വ്യക്തമാക്കുന്ന ഡിലീറ്റ് ചെയ്ത സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം വീണ്ടെടുത്തിരുന്നു. ചമ്പത് റായ് ഉൾപ്പെടെയുള്ളവർക്കെതിരെ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാബാദ് ബാർ അസോസിയേഷനിലെ അഭിഭാഷകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മറ്റ് അമൂല്യവും വിലപിടിപ്പുള്ളതുമായ വസ്തുക്കളുടെയും മോഷണം സംബന്ധിച്ച വിവരങ്ങൾ ഓരോന്നായി പുറത്തു വരുന്നുണ്ട്.











0 comments