നവവധു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

ന്യൂഡൽഹി: ഡൽഹിയിൽ നവവധു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു.ആകൃതിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ എന്നും ഇത് സ്ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.ഡൽഹിയിലെ ലോധി കോളനിയിലാണ് 28-കാരിയായ ആകൃതി സുതാറിനെ കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് തൊട്ടുമുമ്പ് ഓഫീസിൽ പാർട്ടി നടത്തുകയും അമ്മയോട് സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തുവെന്ന് പറഞ്ഞ കുടുംബം അവൾ ആത്മഹത്യ ചെയ്തുവെന്ന വാദം പൂർണമായും തള്ളിക്കളഞ്ഞു. പൊലീസ് നൽകുന്ന വിവരം അനുസരിച്ച്; പുഷ്പ് വിഹാർ സ്വദേശിയായ ആകൃതി സുതാറിനെ ശനിയാഴ്ച വൈകുന്നേരം ലോധി കോളനിയിലെ പാലിക കുഞ്ചിലുള്ള എൻഡിഎംസി ഫ്‌ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആകൃതിയുടെ ഭർത്താവായ അരാസ്തു സിക്കയും കുടുംബവും അവളെ സ്ത്രീധനത്തിനായി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ആകൃതിയെ ഉടൻതന്നെ എയിംസ് ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സൗത്ത് ഡൽഹി പൊലീസ് സീനിയർ ഓഫീസർ അനന്ത് മിത്തൽ നൽകുന്ന വിവരമനുസരിച്ച്, ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ (BNSS) 196-ാം വകുപ്പ് പ്രകാരം നടപടികൾ ആരംഭിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ നടന്നു വരികയാണ്, ഇതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാണ് യുവതിയെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിൽ ചതവുകളും മാരകമായ പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.











0 comments