കുവൈത്തിൽ യാത്രാവിലക്ക് ഉത്തരവിന് വേഗം കൂടും; നിയമത്തിൽ ഭേദഗതി

കുവൈത്ത് സിറ്റി: യാത്രാവിലക്ക് ഉത്തരവുകൾ കൂടുതൽ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് കുവൈത്ത് സിവിൽ, വാണിജ്യ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി. ഇതുവരെ പരിമിതമായ എണ്ണം ജഡ്‌ജിമാർക്കുമാത്രമായിരുന്നു യാത്രാവിലക്ക് അപേക്ഷകളിൽ ഉത്തരവിറക്കാനുള്ള അധികാരമുണ്ടായിരുന്നത്. പുതിയ ഭേദഗതിയോടെ കോടതി ജനറൽ അസംബ്ലി നിയോഗിക്കുന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ യോഗ്യരായ ജഡ-്‌ജിമാർക്കും ഇത്തരം അപേക്ഷകൾ പരിഗണിച്ച് ഉത്തരവിറക്കാൻ സാധിക്കും.
യാത്രാവിലക്ക് അപേക്ഷകളുടെ എണ്ണം വർധിച്ചതും അധികാരമുള്ള ജഡ-്‌ജിമാരുടെ അപര്യാപ്തതയും കാരണം അപേക്ഷ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യം നിലനിന്നിരുന്നുവെന്ന് നിയമത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ചില കോടതികളിൽ ബന്ധപ്പെട്ട പദവിയിലുള്ള ജഡ-്‌ജിമാരുടെ അഭാവവും നടപടികൾ വൈകാൻ കാരണമായി. പുതിയ ഭേദഗതിയിലൂടെ അപേക്ഷകൾ സമർപ്പിച്ച ഉടൻ പരിഗണിച്ച് തീരുമാനമെടുക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇതുവഴി നീതിന്യായ നടപടികളുടെ കാര്യക്ഷമത വർധിക്കുകയും യാത്രാവിലക്ക് ഉത്തരവുകൾ അനാവശ്യ കാലതാമസമില്ലാതെ നടപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.











0 comments