അനിശ്ചിതത്വത്തിന് വിരാമം: ക്രൂഡ് ഓയിലുമായി ജാപ്പനീസ് കപ്പലുകൾ ഹോർമുസ് കടന്നു

ഹോർമുസ് കടലിടുക്ക്
സിംഗപ്പൂർ/ടോക്കിയോ : ഇറാൻ യുദ്ധത്തെത്തുടർന്ന് മാസങ്ങളായി പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്നിരുന്ന ജപ്പാനുമായി ബന്ധമുള്ള 10 കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തു കടന്നതായി ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ജപ്പാൻ കപ്പലുകൾക്ക് പുറമെ ദക്ഷിണ കൊറിയയ്ക്കായി സൗദി അറേബ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി പോയ ഒരു സൂപ്പർടാങ്കറും കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്ക് പിന്നിട്ടതായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ വിവരങ്ങൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യവാരം വരെയുള്ള കാലയളവിൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് അസംസ്‌കൃത എണ്ണ കയറ്റിയ ആറ് വലിയ ക്രൂഡ് ഓയിൽ വാഹക കപ്പലുകൾ, രണ്ട് കെമിക്കൽ ടാങ്കറുകൾ, ഒരു വാഹന വാഹക കപ്പൽ, ഒരു കണ്ടെയ്നർ കപ്പൽ എന്നിവയാണ് ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് പോയത്. ഈ ടാങ്കറുകളിലായി ഏകദേശം 12 ദശലക്ഷം ബാരൽ മിഡിൽ ഈസ്റ്റേൺ ക്രൂഡ് ഓയിൽ ഉണ്ടെന്നാണ് വിവരം.
കപ്പലുകൾ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ജാപ്പനീസ് ഷിപ്പിംഗ് കമ്പനിയായ മിത്സുയി ഒഎസ്കെ ലൈൻസ് ആണ്. കടലിടുക്കിലൂടെയുള്ള യാത്രയിൽ ജീവനക്കാരുടെയും ചരക്കുകളുടെയും കപ്പലുകളുടെയും സുരക്ഷയ്ക്കായിരിക്കും തങ്ങൾ മുൻഗണന നൽകുകയെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനുപുറമെ, ദക്ഷിണ കൊറിയൻ റിഫൈനറായ എസ്-ഓയിൽ തങ്ങളുടെ എണ്ണയുമായി വന്ന ലോങ് വിൻഡ് എന്ന സൂപ്പർടാങ്കർ ശനിയാഴ്ച ഹോർമുസ് പിന്നിട്ടതായി സ്ഥിരീകരിച്ചു. മാർച്ച് ആദ്യം സൗദിയിൽ നിന്ന് 2 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പുറപ്പെട്ട ഈ കപ്പൽ ജൂലൈ 26ഓടെ ദക്ഷിണ കൊറിയയിലെ ഓൺസാനിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധസാഹചര്യത്തെ തുടർന്ന് മാസങ്ങളായി ഈ മേഖലയിൽ കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലായിരുന്നു.











0 comments