ഒരുമിച്ചുള്ള യാത്രയിൽ തർക്കം; കാമുകിയെ കാറിൽ നിന്ന് വലിച്ചിറക്കി ഇഷ്ടിക കൊണ്ട് ആക്രമിച്ചു, യുവാവ് പിടിയിൽ

ദേവാശിഷ് നിഗം
കാൺപുർ: ഒരുമിച്ചുള്ള യാത്രയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കാമുകിയെ ഇഷ്ടിക കൊണ്ട് ആക്രമിച്ച യുവാവ് പിടിയിൽ. സ്വരൂപ് നഗർ സ്വദേശിയായ ദേവാശിഷ് നിഗം (38) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കാൺപൂരിൽ ബ്രഹ്‌മവർത്ത് ഘട്ടിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. ഐഐടി കാൺപൂരിലെ ജീവനക്കാരിയായ 38 വയസുകാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്.
തർക്കം രൂക്ഷമായതോടെ പ്രതി മന്ദാനയ്ക്ക് സമീപം കാർ നിർത്തി റോഡരികിൽ കിടന്ന ഇഷ്ടിക കയ്യിലെടുത്തു. ഭയന്ന യുവതി ഉള്ളിൽ നിന്ന് കാർ ലോക്ക് ചെയ്‌യ്തു. എന്നാൽ പ്രതി ഇഷ്ടിക കൊണ്ട് തന്നെ കാർ അടിച്ചു തകർക്കുകയും യുവതിയെ പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെയും ഇയാൾ ഭീഷണിപ്പെടുത്തിയതായാണ് വിവരം. തന്റെ അമ്മ വിരമിച്ച ഐഎഎസ് ഓഫീസറാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി എസ് എം ഖാസിം അബിദി പറഞ്ഞു.











0 comments