ad
Deshabhimani

കനത്ത മഴ: മുംബൈയിൽ 'വർക്ക് ഫ്രം ഹോം' പ്രഖ്യാപിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

mumbai rain
വെബ് ഡെസ്ക്

Published on Jul 06, 2026, 01:49 PM | 2 min read

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ 'വർക്ക് ഫ്രം ഹോം' പ്രഖ്യാപിച്ചു. സാധ്യമാകുന്നിടത്തെല്ലാം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് സ്വകാര്യ കമ്പനികളോട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പകുതി ദിവസം അവധിയും പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.


മുംബൈ, താനെ, റായ്ഗഡ് ജില്ലകൾ ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ കാലാവസ്ഥാ വകുപ്പ് 'റെഡ് അലേർട്ട്' പുറപ്പെടുവിച്ചു. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ദുരന്ത നിവാരണ മന്ത്രി ഗിരീഷ് മഹാജൻ അഭ്യർഥിച്ചു. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ-പുണെ എക്സ്പ്രസ് വേയിലെ മിസിംഗ് ലിങ്കിൽ മണ്ണിടിച്ചിലുണ്ടായി. വൃഷ്ടിപ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് മെച്ചപ്പെടാൻ 3 മുതൽ 4 ദിവസം വരെ സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പുലർച്ചെ 12 മുതൽ പകൽ 11:30 വരെയുള്ള സമയത്തിനിടയിൽ ആകെ 17 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈയിലേക്കുള്ളതും അവിടെനിന്ന് തിരിക്കേണ്ടതുമായ 217 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. ഇത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. നാഗ്പൂരിൽ നിന്ന് മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കാൻ മുംബൈയിലേക്ക് തിരിക്കേണ്ടിയിരുന്ന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് യാത്ര റദ്ദാക്കേണ്ടി വന്നു. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മഹാരാഷ്ട്ര നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുംബൈയിൽ വിവിധ അപകടങ്ങളിലായി 12 പേർ മരിച്ചതായാണ് കണക്ക്. മഴ ശക്തമായതോടെ സംസ്ഥാനം അതീവ ജാ​ഗ്രതയിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home