ad
Deshabhimani

ഹൃദ്‍​രോ​ഗിയെന്ന് പറഞ്ഞിട്ടും പൊലീസ് ക്രൂരമായി മർദിച്ചു, ചെയ്യാത്ത തെറ്റിന് അവഹേളിക്കപ്പെട്ടു; നടപടി വേണമെന്ന് യുവാവ്

Police Brutality

Representative Image | AI

വെബ് ഡെസ്ക്

Published on Jul 06, 2026, 12:56 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാജപീഡനപരാതിയിൽ കസ്റ്റഡിയിലെടുക്കപ്പെട്ട ഇരുപതുകാരൻ പൊലീസിൽനിന്ന് നേരിട്ടത് ക്രൂരമർദനം. പരാതിക്കാരിയെ അറിയുകപോലുമില്ലെന്നും, താൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും പറഞ്ഞിട്ടും കൂടൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ച് അവശനാക്കിയെന്ന് യുവാവ് പറയുന്നു. ചെയ്യാത്ത തെറ്റിന് പൊതുസമൂഹത്തിന് മുന്നിൽ താനും കുടുംബവും അവഹേളിക്കപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർക്കെതിരെയും വ്യാജ പോക്സോ പരാതി നൽകിയവർക്കെതിരെയും കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.


പത്തനാപുരത്തുള്ള വാടകവീട്ടിലെത്തി ബലപ്രയോ​ഗത്തിലൂടെയാണ് എസ്ഐയും സംഘവും കസ്റ്റഡിയിലെടുത്തത്. ഔദ്യോ​ഗികവാഹനമോ യൂണിഫോമോ ഇല്ലാതെയായിരുന്നു അതിക്രമം. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച എസ്ഐ ജയ്മോഹൻ കടുത്ത രീതിയിൽ ചോദ്യംചെയ്തു. പരാതിക്കാരിയെയോ പ്രസ്തുത സംഭവത്തെക്കുറിച്ചോ തനിക്ക് അറിയുകപോലുമില്ലെന്ന് പറഞ്ഞിട്ടും പൊലീസുകാർ ചെവിക്കൊണ്ടില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ്, കടുത്ത ആരോ​ഗ്യനിയന്ത്രണങ്ങളോടെ ജീവിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടും എസ്ഐയും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചു.


ലാത്തികൊണ്ട് കാൽവെള്ളയിൽ അതിക്രൂരമായി അടിച്ചു. ബൂട്ടുകൊണ്ട് ചവിട്ടിമെതിച്ചു. ചെവിയിൽപിടിച്ച് ശക്തിയായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ​ഗുരുതരമായ ക്ഷതമേറ്റെന്നും മുറിവുകൾ ഉണ്ടായെന്നും യുവാവ് പരാതിയിൽ പറയുന്നു.


പെൺകുട്ടിയുടെ വൈദ്യപരിശോധനയെ തുടർന്ന് പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ വൈകുന്നേരം ആറ് മണികഴിഞ്ഞാണ് നിയമവിരുദ്ധ കസ്റ്റഡിയിൽനിന്നും വിട്ടത്. അതീവ ആ​രോ​ഗ്യസ്ഥിതിയുള്ള തനിക്കുനേരെ നടന്ന അതിക്രമത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം. മറ്റൊരു പൗരനും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ ആഭ്യന്തരമന്ത്രി ഇടപെടണമെന്നും പരാതിയിൽ പറയുന്നു.


സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമീഷൻ ചെയർമാനും യുവാവ് പരാതി നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home