ad
Deshabhimani

പാസ്‌പോർട്ട്, കോൺസുലർ സേവന ഫീസ്‌ വർധന: പ്രവാസികളുടെ പ്രതിഷേധം ശക്തം

PASSPORT.jpg
വെബ് ഡെസ്ക്

Published on Jul 06, 2026, 02:00 PM | 2 min read

സലാല/അബുദാബി: പാസ്‌പോർട്ട് ഉൾപ്പെടെയുള്ള വിവിധ കോൺസുലർ സേവനങ്ങളുടെ ഫീസ് കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസ ലോകത്ത്‌ പ്രതിഷേധം ശക്തം. ഫീസ് വർധന ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമായ പ്രവാസി തൊഴിലാളികൾക്കും കുടുംബത്തിനും വലിയ സാമ്പത്തിക ബാധ്യത സൃഷ-്‌ടിക്കുമെന്ന് പ്രവാസി സംഘടനകൾ വ്യക്തമാക്കി.



വിദേശത്തുനിന്ന് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പാസ്‌പോർട്ട് സേവന ഫീസ് വർധന പുനഃപരിശോധിക്കണമെന്നും നിലവിലെ നിരക്ക്‌ 50 ശതമാനമെങ്കിലും കുറയ്‌ക്കണമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ആവശ്യപ്പെട്ടു. പൗരന്റെ അടിസ്ഥാന അവകാശമായ പാസ്‌പോർട്ട് സേവനങ്ങൾക്ക് ഇന്ത്യയിലെ നിരക്കുകളേക്കാൾ പലമടങ്ങ് അധികം തുക പ്രവാസികളിൽനിന്ന് ഈടാക്കുന്നത് നീതിയുക്തമല്ല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും വിദേശമന്ത്രാലയത്തിനും സംഘടന നിവേദനം സമർപ്പിച്ചു.


ഇന്ത്യയിൽ ഏകദേശം 1500 രൂപയുള്ള 36 പേജ് പാസ്‌പോർട്ടിന് വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിൽ 13,500 രൂപയും 60 പേജ് പാസ്‌പോർട്ടിന് ഇന്ത്യയിൽ ഏകദേശം 2000 രൂപ ഈടാക്കുമ്പോൾ വിദേശത്ത് ഇതിനായി 18,000 രൂപയോളവും ഈടാക്കുന്നു. വിദേശത്തുള്ള ഇന്ത്യക്കാർ ഒരേ സേവനത്തിനായി നാട്ടിലെ നിരക്കിന്റെ അഞ്ചിരട്ടിയിലധികം തുകയാണ് നൽകേണ്ടിവരുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കും.


പാസ്‌പോർട്ട് ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ രേഖയും യാത്രാരേഖയുമാണ്. പൗരൻ രാജ്യത്തിനകത്താണോ പുറത്താണോ എന്നതിന്റെ പേരിൽ ഒരേ സേവനത്തിന് ഇത്രയും വലിയ ഫീസ് വ്യത്യാസം നിലനിൽക്കുന്നത് വിവേചനപരമാണ്. പ്രവാസി സമൂഹത്തോട് കൂടുതൽ കരുതലോടെയും നീതിയോടെയുമുള്ള ഫീസ -്‌നയം കേന്ദ്ര സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.

തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് പിസിഡബ്ല്യുഎഫ് സലാല ഘടകം ആവശ്യപ്പെട്ടു. പ്രവാസികളെ വരുമാന സ്രോതസ്സായി മാത്രംകാണുന്ന കേന്ദ്ര സർക്കാർ സമീപനമാണ് ഇത്തരം തീരുമാനങ്ങളിലൂടെ പ്രകടമാകുന്നത്‌. പ്രവാസികളുടെ ജീവിത സാഹചര്യം മനസ്സിലാക്കി, പാസ്‌പോർട്ട് ഉൾപ്പടെയുള്ള കോൺസുലർ സേവനങ്ങളിലെ ഫീസ് വർധന ഉടൻ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ജനറൽ സെക്രട്ടറി മുഹമ്മദ് റാസും പ്രസിഡന്റ് കെ കബീറും സംയുക്ത പ്രസ-്‌താവനയിൽ വ്യക്തമാക്കി.


മുന്നറിയിപ്പില്ലാതെ നടപ്പാക്കിയ വർധന സാധാരണ പ്രവാസികളുടെ കുടുംബ ബജറ്റ്‌ തകിടം മറിക്കുമെന്ന്‌ പീപ്പിൾ കൾച്ചറൽ ഫോറം (പിസിഎഫ്) ഒമാൻ നാഷണൽ കമ്മിറ്റി പ്രസ-്‌താവനയിൽ പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, അമിതമായി ചൂഷണം ചെയ്യുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ​നിയമപരമായ പല ആവശ്യങ്ങൾക്കും കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യം ചൂഷണം ചെയ്യുന്ന രീതിയിലുള്ള അന്യായ ഫീസ് വർധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രവാസികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വർധിപ്പിച്ച ഫീസ് നിരക്ക്‌ ഉടൻ പിൻവലിക്കാനും പ്രവാസി സൗഹൃദമായ തീരുമാനം കൈക്കൊള്ളാനും കേന്ദ്രം തയ്യാറാകണമെന്ന് പിസിഎഫ് പ്രസിഡന്റ്‌ റസാക്ക് ചാലാശേരി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home