കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി; ഹിമാചലില്‍ ആപ്പിൾ ഉല്‍പ്പാദനം 40 ശതമാനത്തോളം കുറയും

ഷിംല : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകർ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. കാലംതെറ്റി പെയ്ത മഴ, ആലിപ്പഴ വർഷം തുടങ്ങിയവ കാരണം ഇത്തവണ ആപ്പിൾ ഉത്പ്പാദനം 40 ശതമാനത്തോളം കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 2.5 ലക്ഷത്തോളം കുടുംബങ്ങളാണ് ആപ്പിൾ കൃഷിയെ ആശ്രിയിക്കുന്നത്. ഏകദേശം 5,000 കോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന ഈ മേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 6.99 ലക്ഷം മെട്രിക് ടൺ ആപ്പിളാണ് ലഭിച്ചിരുന്നതെങ്കിൽ ഈ വർഷം 4.36 ലക്ഷം മെട്രിക് ടണ്ണായി അത് കുറഞ്ഞു. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയിലുണ്ടായ കുറവും ആപ്പിൾ കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം വളം, കീടനാശിനികൾ എന്നിവയുടെ വില കൂടിയതും കർഷകർക്ക് തിരിച്ചടിയായി. ആപ്രിക്കോട്ട്, ചെറി, പ്ലം തുടങ്ങിയ മറ്റ് പഴങ്ങളുടെഉൽപ്പാദനത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഹിമാചലിൽ നിന്ന് ആപ്പിൾ എത്തുന്നുണ്ട്. നിലവിലെ ഉത്പ്പാദനക്കുറവ് രാജ്യത്താകെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.











0 comments