വിപണിയിൽ വില കുറഞ്ഞ, ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ; സംസ്ഥാനത്തെ ചെറുകിട മില്ലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞ വെളിച്ചെണ്ണ എത്തുന്നതും തേങ്ങയുടെ ലഭ്യതക്കുറവും കാരണം സംസ്ഥാനത്ത് പ്രാദേശികമായി പ്രവർത്തിക്കുന്ന ചെറുകിട മില്ലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലും.
ഇതരസംസ്ഥാനത്തെ വെളിച്ചെണ്ണ ലോബി കേരള വിപണി കൈയടക്കിയതാണ് പരമ്പരാഗത മില്ലുകളുടെ തകർച്ചയ്‌ക്ക് കാരണമാകുന്നത്. തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നുമാണ് വില കുറഞ്ഞ, ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കൂടുതലായും സംസ്ഥാനത്തെത്തുന്നത്.
നാടൻ മില്ലുകൾ ഒന്ന്, അര ലിറ്റർ പായ്‌ക്കറ്റ് കൃത്യമായ അളവിൽ നൽകുമ്പോൾ ഇതര സംസ്ഥാന വെളിച്ചെണ്ണ പാക്കറ്റുകളിലുള്ളത് അമ്പതും നൂറും മില്ലി ലിറ്റർ കുറവാണ്. അളവ് കുറയ്‌ക്കുന്നുവെന്ന് മാത്രമല്ല, മായം കലർത്തുകയും ചെയ്യുന്നു. അതിനാൽ ഇതര സംസ്ഥാനക്കാർക്ക് വെളിച്ചെണ്ണ വിലക്കുറവിൽ വിൽക്കാനുമാകുന്നു. അങ്ങനെ നാടൻ മില്ലുകളിലെ വെളിച്ചെണ്ണ വിറ്റുപോകാത്ത സാഹചര്യമാണുള്ളത്.
കാലാവസ്ഥാ വ്യതിയാനവും കീടാക്രമണവും വളത്തിന്റെ വിലക്കയറ്റവും തെങ്ങുകയറ്റത്തൊഴിലാളികളുടെ കുറവും തേങ്ങയുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉൽപ്പാദനം കുറഞ്ഞത് തേങ്ങയുടെ ലഭ്യതയെയും ബാധിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ നൂറ്റന്പതോളം വെളിച്ചെണ്ണ മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 60 ശതമാനവും അടച്ചിടേണ്ട സ്ഥിതിയിലാണെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.










0 comments