കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: 'ജീവനക്കാരെ ഓഫീസിൽ കയറ്റുന്നില്ല', പ്രതിഷേധം

കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ 'കോറോ ഹെൽത്ത്' കേരളത്തിലെ ഓഫീസുകളിൽ നിന്ന് മുന്നറിയിപ്പില്ലാതെ എണ്ണൂറിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ പ്രതിഷേധം കടുക്കുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ കമ്പനി അധികൃതർ തടഞ്ഞതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പൂർണ്ണ ഗർഭിണികളായ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കടുംവെയിലിൽ ഓഫീസിന് പുറത്തു നിൽക്കേണ്ടി വന്നിട്ടും മാനുഷിക പരിഗണന നൽകാൻ പോലും മാനേജ്‌മെന്റ് തയ്യാറായില്ല. നിലവിൽ ട്രേഡ് യൂണിയൻ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ ധിക്കാരപരമായ നടപടിക്കെതിരെ ജീവനക്കാർ ഓഫീസിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം തുടരുകയാണ്. അതേസമയം, ചർച്ചയ്ക്കുള്ള നോട്ടീസ് നേരത്തെ നൽകിയതാണെന്നും ഔദ്യോഗിക ചർച്ചാ നടപടികളുമായി മുന്നോട്ടുപോകുമെന്നും ലേബർ ഓഫീസർ പറയുന്നു.
കൊച്ചി പാലാരിവട്ടത്തെയും കോഴിക്കോട്ടെയും ശാഖകളിലെ എച്ച്ആർ മാനേജരടക്കമുള്ള ജീവനക്കാരെയാണ് വെള്ളിയാഴ്ച ഒറ്റയടിക്ക് ഒഴിവാക്കിയത്. പുതിയ ലേബർ കോഡ് പ്രകാരം ജീവനക്കാരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാൻ കമ്പനിക്ക് അവകാശമുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ കേരളത്തിൽ ലേബർ കോഡ് നടപ്പാക്കിയിട്ടില്ലെന്നിരിക്കെ, കമ്പനിയുടെ ഈ നടപടി കടുത്ത തൊഴിൽ ചൂഷണമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരും സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
വെള്ളിയാഴ്ച ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്. കനത്ത പ്രതിഷേധം ഉയർന്നതോടെ ഉമ തോമസ് എംഎൽഎയുടെയും ലേബർ ഓഫീസറുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തുകയും തിങ്കളാഴ്ച മന്ത്രിയുടെയും തൊഴിൽ സെക്രട്ടറിയുടെയും നേതൃത്വത്തിൽ അന്തിമ ചർച്ച നടക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരാൻ ധാരണയാവുകയും ചെയ്തു. എന്നാൽ ഈ ധാരണ കാറ്റിൽപ്പറത്തി വെള്ളിയാഴ്ച രാത്രിയോടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് രണ്ടര മാസത്തെ ശമ്പളം നഷ്ടപരിഹാരമായി കമ്പനി മുൻകൂറായി കൈമാറുകയായിരു്നു. എന്നാൽ പിരിച്ചുവിട്ടതായോ ഓഫീസിൽ എത്തേണ്ടതില്ലെന്നോ പിന്നീട് അറിയിപ്പുകളൊന്നും വന്നിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ചർച്ചക്കായി ഓഫീസിലെത്തിയ ജീവനക്കാരെയാണ് നിലവിൽ അകത്ത് പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുന്നത്.











0 comments