കീവിൽ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം: ഏഴു മരണം; അപ്പാർട്ട്‌മെന്റുകൾ തകർന്നു

റഷ്യ യുക്രെയ്നിൽ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണം| Photo: Reuters
കീവ് : തിങ്കളാഴ്ച പുലർച്ചെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങളും അപ്പാർട്ട്‌മെന്റുകളും ആക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ പോഡിൽസ്കി ജില്ലയിൽ മാത്രം നാല് റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ ഭാഗികമായി തകർന്ന ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ കുടുങ്ങിയ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 15 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി ഒഴിപ്പിച്ചു.
കിഴക്കൻ ധാർണിയറ്റ്സ്കി ജില്ലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് 25 നിലകളുള്ള അപ്പാർട്ട്‌മെന്റ് തകരുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച റഷ്യ നടത്തിയ വൻ ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ട ധാർണിയറ്റ്സ്കിയിലെ 30 നിലകളുള്ള മറ്റൊരു കെട്ടിടത്തിന് നേരെയും ആക്രമണമുണ്ടാവുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു.
നഗരത്തിൽ ശക്തമായ സ്ഫോടന പരമ്പരകൾ ഉണ്ടായതായും റഷ്യൻ ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്ൻ വ്യോമപ്രതിരോധ സംവിധാനം സജീവമാണെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി പേർ മെട്രോ സ്റ്റേഷനുകളിലും ഭൂഗർഭ പാർക്കിംഗ് ഏരിയകളിലും അഭയം തേടിയിരിക്കുകയാണ്. റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യമായ പോളണ്ട് മുൻകരുതലെന്നോണം യുദ്ധവിമാനങ്ങൾ വിന്യസിച്ചു.











0 comments