ad
Deshabhimani

ഹൈബി ഇ‍ൗഡന്റെ ഭാര്യയെ സ്‌റ്റാൻഡിങ്‌ ക‍ൗൺസലാക്കാൻ നീക്കം; തൃശൂരിലെ നേതാക്കളെ വെട്ടി; പണം വാങ്ങിയെന്ന് ആരോപണം

Hibi Eden Anna Linda Thrissur Corporation

ഹെബി ഈഡനും അന്ന ലിൻഡ ഈഡനും (ഇടത്)

avatar
കെ എ നിധിൻ നാഥ്‌

Published on Jul 06, 2026, 10:27 AM | 1 min read

തൃശൂർ: തൃശൂർ കോർപറേഷന്റെ സ്റ്റാൻഡിങ്‌ കൗൺസൽ പാനലിലേക്ക്‌ കോൺഗ്രസ്‌ നേതാവ്‌ ഹൈബി ഇ‍ൗഡന്റെ ഭാര്യയെ നിയമിക്കാനൊരുങ്ങുന്നു. നിലവിലെ 25 അംഗ പാനൽ 29ആയി വിപുലീകരിച്ചാണ്‌ അഡ്വ. അന്ന ലിൻഡ ഈഡനെ നിയമിക്കുന്നത്‌. മെയ്‌ 26നാണ്‌ 25 പേരെ നിയമിച്ചത്‌. ഇതിനു പിന്നാലെയാണ്‌ അന്നയെ നിയമിക്കാനായി പാനൽ വിപുലീകരിക്കുന്നത്‌. ഡിസിസി നേതാക്കൾ പണം വാങ്ങിയാണ്‌ ക‍ൗൺസൽമാരുടെ എണ്ണം വർധിപ്പിച്ചതെന്ന്‌ കോൺഗ്രസിനുള്ളിൽത്തന്നെ ആരോപണമുയർന്നു.


കോർപറേഷൻ ഭരണം കിട്ടിയതിനു പിന്നാലെ നടത്തുന്ന നിയമനങ്ങളിൽ കോൺഗ്രസ്‌ പ്രവർത്തകരെ തഴഞ്ഞ്‌ നേതാക്കളുടെ ഇഷ്ടക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന്‌ ജില്ലയിൽ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ എംപികൂടിയായ ഹൈബി ഇ‍ൗഡന്റെ ഭാര്യയെ തൃശൂർ കോർപറേഷൻ നിയമിക്കുന്നത്‌. അന്ന ലിൻഡ ഈഡനെ കൂടാതെ മൂന്നു പേരെയും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. നേരത്തേ ബിജെപിക്കാരനെ സ്‌റ്റാൻഡിങ്‌ ക‍ൗൺസലാക്കി നിയമിച്ചത്‌ വിവാദമായിരുന്നു.


അഡ്വ. വിപിൻ ചാക്കോയെ കീഴ്‌ക്കോടതി വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്ന പാനലിലേക്കും അഡ്വ. പി പൗലോച്ചൻ ആന്റണി, അഡ്വ. ശ്രീലക്ഷ്മി സാബു എന്നിവരെ ഹൈക്കോടതി പാനലിലും ഉൾപ്പെടുത്താനാണ്‌ തീരുമാനം. നിയമനം വ്യാഴാഴ്‌ച നടക്കുന്ന ക‍ൗൺസിൽ യോഗത്തിൽ 39–ാം അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. കോർപറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സ്‌പെഷ്യലൈസ്‌ഡ് വിഷയങ്ങളിൽ നിയമോപദേശം ലഭ്യമാക്കുന്നതിനും പാനൽ വിപുലീകരിക്കേണ്ടത് ആവശ്യമാണെന്ന്‌ പറഞ്ഞാണ്‌ ബന്ധുനിയമനം നടത്തുന്നത്‌.


മെയ്‌ 26ന്‌ നടന്ന കോർപറേഷൻ യോഗത്തിൽ ബിജെപിക്കാരെ പ്രധാന സ്റ്റാൻഡിങ്‌ ക‍ൗൺസലായി കോൺഗ്രസ്‌ ഭരണസമിതി നിയമിച്ചിരുന്നു. അഡ്വ. എം പ്രേംചന്ദിനെയാണ്‌ മുഖ്യ സ്റ്റാൻഡിങ് ക‍ൗൺസലായി നിയമിച്ചത്‌. ഇതിനെതിരെ കോൺഗ്രസ്‌ നേതാവ്‌ ഷാജി കോടങ്കണ്ടത്ത് കെപിസിസി പ്രസിഡന്റിന്‌ പരാതി നൽകി. കോൺഗ്രസ്‌ നേതാക്കളായ നിരവധി അഭിഭാഷകർ ജില്ലയിലുണ്ടായിട്ടും ബിജെപിക്കാർക്ക്‌ സ്ഥാനങ്ങൾ നൽകുകയായിരുന്നു. തൃശൂരിലെ മുതിർന്ന നേതാവിന്റെ മരുമകനായ ബിജെപിക്കാരനെയും സ്റ്റാൻഡിങ് ക‍ൗൺസലായി നിയമിച്ചിട്ടുണ്ട്‌. കോൺഗ്രസ്‌ അഭിഭാഷക സംഘടനയായ ലോയേഴ്‌സ്‌ കോൺഗ്രസ്‌ അംഗങ്ങളെപ്പോലും തഴഞ്ഞായിരുന്നു നിയമനം. ഇ‍ൗ പരാതികളും പ്രശ്‌നങ്ങളും നിലനിൽക്കെയാണ്‌ സ്റ്റാൻഡിങ്‌ ക‍ൗൺസലിലേക്ക്‌ ബന്ധുനിയമനം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home