print edition ദൗത്യം തുടങ്ങുന്നു ... 2026

ലയണൽ മെസിക്കും അർജന്റീനയ്‌ക്കും ഒറ്റ ദൗത്യം മാത്രം. കിരീടം നിലനിർത്തുക. വിശ്വവേദിയിലെ മേധാവിത്തം തുടരുക. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചാമ്പ്യൻമാർ അൾജീരിയയെ നേരിടാനൊരുങ്ങുന്നു. നാളെ രാവിലെ ആറരയ്‌ക്കാണ് പോരാട്ടം. ക്യാപ്‌റ്റൻ മെസിയാണ് ഇത്തവണയും കേന്ദ്രബിന്ദു. ദേശീയ കുപ്പായത്തിൽ 200–ാം മത്സരമാണ് മുപ്പത്തെട്ടുകാരന്. നാളെ കളത്തിലെത്തിയാൽ ആറ് ലോകകപ്പ് കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കും. 2022ൽ ഖത്തറിൽ മെസിയുടെ ചിറകിലായിരുന്നു അർജന്റീന മൂന്നാം കിരീടമുയർത്തിയത്. ഏഴ് ഗോളും മൂന്ന് അവസരങ്ങളുമൊരുക്കി ടൂർണമെന്റിന്റെ താരമായി.
പരിക്കുമാറി പൂർണക്ഷമത തിരിച്ചുപിടിച്ചാണ് മെസിയുടെ വരവ്. ചാമ്പ്യൻ ടീമിനെ അതേപടി നിലനിർത്തിയാണ് പരിശീലകൻ ലയണൽ സ്‌കലോണി തുടർകിരീടത്തിന് തയ്യാറെടുക്കുന്നത്. 26 അംഗ സംഘത്തിൽ 17 പേരും ഖത്തറിൽ കളിച്ചവരാണ്. മെസിയെ കൂടാതെ എമിലിയാനോ മാർട്ടിനെസ്, ലൗതാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, റോഡ്രിഗോ ഡി പോൾ, എൺസോ ഫെർണാണ്ടസ്, അലെക്‌സിസ് മക് അലിസ്റ്റർ തുടങ്ങിയ മുൻനിര താരങ്ങളെല്ലാം ടീമിലുണ്ട്. നികോ പാസ്, വാലെന്റീൻ ബാർകോ എന്നീ യുവ താരങ്ങളുമുണ്ട്. ഗ്രൂപ്പ് ‘ജെ’യിൽ അർജന്റീനയ്‌ക്ക് മുന്നിൽ എളുപ്പ വഴിയാണ്. അൾജീരിയ കഴിഞ്ഞാൽ ജോർദാനും ഓസ്‌ട്രിയയും കാര്യമായ വെല്ലുവിളിയാകില്ല. 12 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ആഫ്രിക്കൻ ടീമായ അൾജീരിയ ലോകകപ്പ് കളിക്കുന്നത്. വ്ലാദമിർ പെറ്റ്‌കോവിച്ചാണ് പരിശീലകൻ. യോഗ്യതാ റൗണ്ടിൽ ഗോളടിച്ച് കൂട്ടിയ മുഹമ്മദ് അമോറ, റിയാദ് മറ്‌ഹെസ് തുടങ്ങിയവരിലാണ് പ്രതീക്ഷകൾ.










0 comments