ad
Deshabhimani

ഡൽഹിയിൽ പാക് ബന്ധമുള്ള ഏഴ് ഭീകരർ പിടിയിൽ; ആക്രമണത്തിന് പദ്ധതിയിട്ടെന്ന് പൊലീസ്

pak linked terrorist
വെബ് ഡെസ്ക്

Published on Jun 16, 2026, 10:12 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ പാക് ബന്ധമുള്ള ഭീകര സംഘം പിടിയിൽ. ഡൽഹി-എൻസിആർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശൃംഖലയിലെ ഏഴ് പേരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. അതിർത്തിക്കപ്പുറത്ത് നിന്നുള്ള നിർദ്ദേശപ്രകാരമാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.


അനസ് ത്യാഗി (26), മോഹിത് (26), ദീപക് അഗ്രോള (38), ആരിഫ് (30), കരൺവീർ സിംഗ് (26), ജാതൻ (29), സാബിർ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ പലരും കൊലപാതകം, കവർച്ച, ആയുധക്കടത്ത് തുടങ്ങിയ കേസുകളിൽ മുൻപ് പ്രതികളായിട്ടുള്ളവരാണ്.


പാകിസ്ഥാൻ ഇന്റർ-സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) ഗുണ്ടാസംഘ തലവൻ ഷഹ്‌സാദ് ഭട്ടി, അയാളുടെ സഹായി അജ്മൽ ഗുജ്ജാർ എന്നിവർക്ക് വേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴി റിക്രൂട്ട് ചെയ്ത യുവാക്കളെ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.


ഡൽഹി-എൻസിആറിലെ പ്രധാന പൊതുസ്ഥലങ്ങളും തന്ത്രപ്രധാന പ്രദേശങ്ങളും നിരീക്ഷിക്കുകയും, അതിന്റെ ചിത്രങ്ങളും വീഡിയോകളും പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് അയച്ചുകൊടുക്കുകയും ചെയ്യലായിരുന്നു ഇവരുടെ രീതി. മെയ് മാസത്തിൽ ഡൽഹിയിൽ ആക്രമണം നടത്താൻ ഇവർ ഗൂഢാലോചന നടത്തിയിരുന്നു.


പഞ്ചാബ് അതിർത്തിയിൽ ഡ്രോണുകൾ വഴി പാകിസ്ഥാൻ കൈമാറുന്ന അനധികൃത ആയുധങ്ങളും ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും ശേഖരിച്ച് വിതരണം ചെയ്തിരുന്നത് ഈ ശൃംഖലയായിരുന്നു. അഞ്ച് അത്യാധുനിക സെമി-ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 41 ലൈവ് കാട്രിഡ്ജുകൾ, ഒരു എസ്‌യുവി, കുറ്റകരമായ ചാറ്റുകളും വോയ്‌സ് നോട്ടുകളും അടങ്ങിയ ഏഴ് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.


പൊലീസിന്റെ നിരീക്ഷണം വെട്ടിക്കാനായി എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ, വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഡിസ്പോസിബിൾ നമ്പറുകൾ, ഹവാല ചാനലുകൾ എന്നിവയാണ് ഇവർ ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം കൈമാറാൻ ഉപയോഗിച്ച നിരവധി ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


യമുന വിഹാറിലെ ഭഗീരഥ് ജലശുദ്ധീകരണ പ്ലാന്റിന് സമീപത്തുനിന്നാണ് മോഹിത് എന്ന പ്രതിയെ പൊലീസ് ആദ്യം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളിലേക്കും വലിയ ഭീകര ശൃംഖലയിലേക്കും പൊലീസ് എത്തിയത്. കേസിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home