യുവതിക്ക് പിന്നാലെ അഞ്ചംഗ സംഘം; രക്ഷകനായി ട്രക്ക് ഡ്രൈവർ; ആയുധങ്ങളുമായി വിടാതെ പിന്തുടർന്നു; ഒടുവിൽ പിടിയിൽ

അശ്വിൻ രഘു, അർജുൻ സനിൽ, ടോമി ഷാജി, അദ്വൈത്, അജിത്ത്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിച്ച് അപമാനിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി പള്ളിക്കവല തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് അദ്വൈത് (20), മാറാടി പഞ്ചായത്തുപടി ചാവാട്ട് ടോമി ഷാജി (19), ഈസ്റ്റ് മാറാടി ഗവ. ഹൈസ്‌കൂളിനുസമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ അർജുൻ സനിൽ (20), ഈസ്റ്റ് മാറാടി പള്ളിക്കവല മങ്ങമ്പ്ര തെങ്ങനാൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. മൂവാറ്റുപുഴയിലെ സ്പായിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് യുവതി നടക്കുകയായിരുന്നു. ബൈക്കുകളിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടർന്ന് മോശമായി സമീപിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്കുകൊണ്ട് ഇടിപ്പിക്കാൻ ശ്രമിച്ചുവെന്ന് യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. അതുവഴി വന്ന ടിപ്പർ കൈകാണിച്ചുനിർത്തി യുവതി അതിൽ കയറിപ്പോയി. പിറവം റോഡിൽ കിലോമീറ്ററോളം മാരകായുധങ്ങളുമായി യുവാക്കൾ യുവതിയെ പിന്തുടർന്നു. ഇതിനിടെ, യുവതി വിവരം പൊലീസിനെ വിളിച്ചറിയിച്ചു. മൂവാറ്റുപുഴ പൊലീസ് പിന്നാലെയെത്തി യുവതിയെ രക്ഷിച്ചു.
യുവാക്കൾ പൊലീസിനെക്കണ്ട് പിന്തിരിഞ്ഞുപോയി. ബൈക്കുകളുടെ വിവരങ്ങളുപയോഗിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സി ആർ രഞ്ജുമോൾ, എസ് ശ്രീനാഥ്, എം എം ഉബൈസ്, എം വി ദിലീപ് കുമാർ, എസ്-സിപിഒമാരായ എം പി രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ പി നിസാർ, എം ജി ഷീജ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.









0 comments