ട്രംപിന് തെലങ്കാന മുഖ്യമന്ത്രിയുടെ ആദരം: ഇന്ത്യയുടെ ആത്മാഭിമാനം പണയംവെക്കുന്നു; ഹൈക്കമാൻഡ് നടപടിയെടുക്കണമെന്ന് എം എ ബേബി

ന്യൂഡൽഹി: ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പേര് നൽകിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിക്കെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യയുടെ പരമാധികാരവും ആത്മാഭിമാനവും പണയം വെക്കുന്നതിൽ ബിജെപിയ്ക്കും തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് തെളിയിക്കുന്ന നടപടിയാണിതെന്ന് എം എ ബേബി പറഞ്ഞു.
വിയറ്റ്നാമിലെ അമേരിക്കൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്, മഹാനായ സാമ്രാജ്യത്വ വിരുദ്ധ നേതാവിനോടുള്ള ആദരസൂചകമായി കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് മുന്നിലുള്ള ഹാരിംഗ്ടൺ സ്ട്രീറ്റിനെ 'ഹോ ചി മിൻ സരണി' എന്ന് ഇന്ത്യ പുനർനാമകരണം ചെയ്തിരുന്നു. ഇപ്പോൾ, യുദ്ധക്കൊതിയന്മാരായ അമേരിക്ക ഇറാനെതിരെയുള്ള യുദ്ധത്തിലും, ഗാസയിലെ കൂട്ടക്കൊലയിലും, വെനസ്വേലയിലെ സൈനിക ഇടപെടലിലും, ക്യൂബയ്ക്ക് മേലുള്ള ക്രൂരമായ ഉപരോധത്തിലും ഏർപ്പെട്ടിരിക്കുകയാണ്. മനുഷ്യരാശിക്കെതിരെയുള്ള സാമ്രാജ്യത്വ യുദ്ധത്തിന്റെ മുഖവും ഈ കാലത്തെ ഹിറ്റ്‌ലറാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ട്രംപിനെ ആദരിക്കുന്നതിനായി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന്റെ പേര് മാറ്റുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, യുഎസ് നാവികസേന നിരായുധരായ ഒരു കപ്പൽ ആക്രമിക്കുകയും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ ആക്രമണങ്ങൾ തുടരുമെന്ന് യുഎസ് സർക്കാർ ഭീഷണിപ്പെടുത്തിയിട്ടും, ഈ ക്രൂരമായ ആക്രമണത്തിനെതിരെ ഒരു പ്രതിഷേധം രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടു; മാത്രമല്ല മോദി ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇന്ത്യയുടെ പരമാധികാരവും ആത്മാഭിമാനവും പണയം വെക്കുന്നതിൽ ബിജെ.പക്ക് യാതൊരു മടിയുമില്ല, ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനും അതിൽ വലിയ വ്യത്യാസമില്ലെന്നാണ് തോന്നുന്നത്.
തെലങ്കാന മുഖ്യമന്ത്രിയുടെ അപകീർത്തികരമായ നീക്കം കോൺഗ്രസ് ഹൈക്കമാൻഡ് ഗൗരവത്തിലെടുത്ത്, പിൻവലിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണം. സാമ്രാജ്യത്വ വിരുദ്ധ പ്രതിരോധ പ്രസ്ഥാനത്തിന്റെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു എന്ന അവകാശവാദങ്ങൾ വെറും വാക്കുകളിൽ മാത്രം ഒതുങ്ങരുത്.- എം എ ബേബി പറഞ്ഞു.









0 comments