നീറ്റ് പരീക്ഷാ വിവാദം
‘നിരോധനം കൊണ്ട് ചോർച്ച തടയാനാവില്ല, അത് മറ്റ് ആപ്പുകളിലേക്ക് മാറും’; പരിഹസിച്ച് ടെലിഗ്രാം മേധാവി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച തടയാൻ ഇന്ത്യയിൽ ടെലിഗ്രാമിന് നിയന്ത്രണമേർപ്പെടുത്തിയ നടപടിയെ പരിഹസിച്ച് ടെലിഗ്രാം മേധാവി പവൽ ഡുറോവ്. ഏതാനും വ്യക്തികൾ പരീക്ഷാ വിവരങ്ങൾ ചോർത്തിയതിന് 150 ദശലക്ഷത്തിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് 'കൂട്ടായ ശിക്ഷ'യാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കൂടാതെ, നിരോധനം കൊണ്ട് പരീക്ഷാ തട്ടിപ്പ് തടയാൻ കഴിഞ്ഞിട്ടില്ലെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറ്റ് ആപ്പുകളിലേക്ക് മാറുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെലിഗ്രാം ആപ്പിന് രാജ്യത്ത് ഒരാഴ്ചത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ചോദ്യപേപ്പറുകൾ ചോർന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് നീറ്റ് പരീക്ഷ വിവാദത്തിലായിരുന്നു. "പേപ്പർ ലീക്ക്ഡ് നീറ്റ്", "റീ-നീറ്റ് 2026" തുടങ്ങിയ പേരുകളിലുള്ള ടെലിഗ്രാം ചാനലുകൾ വഴി ചോദ്യപേപ്പറുകൾ ചോർന്നതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു.
വ്യക്തിഗത ആശയവിനിമയം, ബിസിനസ്സ്, വിദ്യാഭ്യാസം എന്നിവയ്ക്കായി ടെലിഗ്രാമിനെ ആശ്രയിക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ ആശയവിനിമയത്തെ ഈ നീക്കം തടസ്സപ്പെടുത്തിയതായി പവൽ ഡുറോവ് ചൂണ്ടിക്കാട്ടി. ടെലിഗ്രാമിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. മാസങ്ങളായി നിരീക്ഷിച്ചുവന്ന സംഘടിത തട്ടിപ്പ് ശൃംഖലകൾക്കെതിരെയാണ് നടപടിയെന്ന് എൻടിഎ വ്യക്തമാക്കി. ഔദ്യോഗിക പരീക്ഷാ സംവിധാനത്തിന് പുറത്ത് ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന വാദം തെറ്റാണെന്ന് ഏജൻസി ആവർത്തിച്ചു.










0 comments