വഴിയും വെള്ളവും മുടക്കി
പഞ്ചായത്തും പൊലീസും കൈയൊഴിഞ്ഞതോടെ വയോധികന്റെ ആത്മഹത്യ

ബത്തേരി നെന്മേനി പഞ്ചായത്തിലെ പാടിയേരിക്കുന്ന് കൃഷ്ണൻചെട്ടി ജീവനൊടുക്കിയത് നിലനിൽപ്പിനും നീതിക്കായും ഏഴംഗ നിർധന കുടുംബം പഞ്ചായത്ത് ഭരണസമിതിയോടും പൊലീസിനോടും കേണപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്നതിനാൽ. എൺപത്തിയഞ്ചുകാരനായ ചീരാൽ താഴത്തൂർ പാടിയേരിക്കുന്ന് കൃഷ്ണൻചെട്ടി ചൊവ്വ രാവിലെ വീട്ടിനുള്ളിലാണ് ഉടുമുണ്ടിൽതൂങ്ങി ജീവൻ അവസാനിപ്പിച്ചത്. വീട്ടിലേക്കുള്ള വഴിയും കുടിവെള്ളവും അയൽവാസി മുട്ടിച്ചതിനെതിരെ പരാതി നൽകിയിട്ടും പഞ്ചായത്തും പൊലീസും കൈയൊഴിഞ്ഞു. എൺപതുകാരിയായ ഭാര്യ കാർത്യായനിയും 60 വയസ്സുള്ള വിധവയായ മകൾ ഷൈലജയും മരണപ്പെട്ട മൂത്തമകൾ ശാന്തയുടെയും ഷൈലജയുടെയും വിദ്യാർഥികളായ നാല് പേരക്കുട്ടികൾക്കുമൊപ്പം 25 സെന്റിലുള്ള രണ്ടുമുറി വീട്ടിലാണ് കൃഷ്‌ണൻചെട്ടി താമസിച്ചിരുന്നത്. അരനൂറ്റാണ്ടിലധികമായി ഇവിടെയാണ് താമസം. സമീപ കാലത്താണ് സ്ഥലത്തർക്കത്തിൽ അനുകൂല കോടതിവിധിയുണ്ടെന്ന് പറഞ്ഞ് അയൽവാസികളായ ദന്പതികൾ കൃഷ്ണൻചെട്ടിയുടെ വീട്ടിലേക്കുള്ള ഏക നടവഴി കൊട്ടിയടച്ചത്. ഇതോടെ കുടുംബം ഒറ്റപ്പെട്ടു. മുന്പ് കുടിവെള്ളം എടുത്തിരുന്ന കിണറിനടുത്തേക്ക് പോകാൻ പോലുമായില്ല. വല്ലപ്പോഴും ദൂരെനിന്ന് കിട്ടിയിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് വെള്ളം മാത്രമായിരുന്നു ആശ്രയം. മറ്റുള്ളവരുടെ പറന്പുകളിലൂടെ നടന്നാണ് ഭാര്യ കാർത്യായനിയും പേരക്കുട്ടികളും മാടക്കരയിലെ കടകളിലും മറ്റും എത്തിയതും കുട്ടികൾ വിദ്യാലയങ്ങളിൽ പോയി മടങ്ങിയതും. മുന്പ് ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടിയിരുന്ന വരുമാനംകൊണ്ടായിരുന്നു കുടുംബം കഴിഞ്ഞത്. തൊഴിലെടുക്കാൻ കഴിയാതായതോടെ സർക്കാരിന്റെ ക്ഷേമപെൻഷൻ മാത്രമായിരുന്നു വരുമാനം. അയൽകുടുംബത്തിന്റെ നിരന്തരദ്രോഹം കുടുംബത്തിന്റെ നിലനിൽപ്പിനുപോലും ഭീഷണിയായതോടെ നെന്മേനി പഞ്ചായത്തിനെയും നൂൽപ്പുഴ പൊലീസിനെയും പലവട്ടം സമീപിച്ചിട്ടും നീതികിട്ടിയില്ലെന്ന പരാതിയാണ് കുടുംബത്തിനും ബന്ധുക്കൾക്കുമുള്ളത്. അവസാന ശ്രമമെന്ന നിലയിൽ മനുഷ്യാവകാശ കമീഷനിലും പരാതി നൽകി നീതിക്കായി കാത്തിരിക്കുന്നതിനിടെയാണ് വയോധികൻ വീടിനകത്ത് ചൊവ്വ രാവിലെ ഏഴിന് തൂങ്ങിമരിച്ചത്. കുടുംബത്തിലെ ആറുപേരും വീട്ടിലുള്ളപ്പോഴാണ് ജീവനൊടുക്കൽ. രണ്ടാഴ്‌ച മുന്പ് മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിലും കൂട്ട ആത്മഹത്യയല്ലാതെ കുടുംബത്തിന്റെ മുന്പിൽ മറ്റ് വഴികളില്ലെന്ന് കൃഷ്‌ണൻചെട്ടി ചൂണ്ടിക്കാട്ടി. തിങ്കൾ വൈകിട്ടും വീട്ടിലെത്തിയ അയൽവാസി ദന്പതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും കാർത്യായനിയെ മർദിച്ചതായും കുടുംബം പരാതിപ്പെട്ടു. ഇതിന്റെ മനോവിഷമത്തിലാണ് നേരം പുലർന്നതോടെ ഉടുമുണ്ടിൽ ജീവനൊടുക്കിയത്.










0 comments