print edition നിയന്ത്രിക്കാനാകാതെ പകർച്ചവ്യാധി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പകർച്ചവ്യാധികളിൽ സംസ്ഥാനത്ത് ചൊവ്വാഴ്‌ച ആറുപേർ കൂടി മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്ത് രണ്ടുപേരും പാലക്കാട് ഒരുമരണവും റിപ്പോർട്ട് ചെയ്‌തു. മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയത്ത് ഒരാളും ഇൻഫ്ലുവൻസയും വൈറൽ പനിയും ബാധിച്ച് വയനാട് രണ്ടുപേരും മരിച്ചു.
സംസ്ഥാനത്ത് ഒന്പത് പേർക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു. കൊല്ലത്ത് –രണ്ട്, ഇടുക്കി–രണ്ട്, കോഴിക്കോട് –രണ്ട്, വയനാട് –ഒന്ന്, കണ്ണൂർ – രണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ചയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ പകർച്ചവ്യാധി കാരണം 176 പേർക്കാണ് ജീവൻ നഷ്‌ടമായത്.
ജനുവരി മുതൽ ഇതേവരെ 154 ഷിഗല്ല കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഈമാസം മാത്രം 78. അഞ്ചുപേർ മരിച്ചു. കോഴിക്കോട്, മലപ്പുറം –രണ്ട്, തൃശൂർ –ഒന്ന്.
കോഴിക്കോടാണ് കൂടുതൽ രോഗബാധ–75. വയനാട് –17, തിരുവനന്തപുരം–16, മലപ്പുറം–14, കൊല്ലം–9, ആലപ്പുഴ–6, തൃശൂർ–5, കണ്ണൂർ–4, ഇടുക്കി–5, എറണാകുളം–2, കോട്ടയം–1 .
നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഫാറൂഖ് കോളേജ് സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ശുചീകരണം പാളിയെന്ന് മന്ത്രിയുടെ കുറ്റസമ്മതം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരാൻ കാരണമായത് മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ച കൊണ്ടാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്റെ കുറ്റസമ്മതം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണമാറ്റവും നിയമസഭാ തെരഞ്ഞെടുപ്പും ശുചീകരണത്തെ ബാധിച്ചുവെന്ന വാദവും ഉന്നയിച്ചു.
സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്ന യുഡിഎഫ് ആണ് ഇതോടെ പ്രതിക്കൂട്ടിലായത്. ജനുവരി മുതൽ ജൂൺവരെ 146പേർക്ക് ഷിഗല്ല റിപ്പോർട്ട് ചെയ്‌തതിൽ 70ഉം ഈ മാസമാണ് സ്ഥിരീകരിച്ചത്.
ഇതിനിടെ പകർച്ചവ്യാധി നിയന്ത്രിക്കാൻ കോൺഗ്രസ് നേതാവ് ഡോ. എസ് എസ് ലാൽ അധ്യക്ഷനായ ഉന്നതാധികാര സമിതി രൂപീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് കോ–ഓർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ കുമാർ കൺവീനറുമാണ്. സർക്കാർ, സ്വകാര്യ, ആയുഷ് ഡോക്‌ടർമാരും ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണ, തദ്ദേശ വകുപ്പുകളുടെ പ്രതിനിധികളും ഇതിന്റെ ഭാഗമാകും –മന്ത്രി പറഞ്ഞു.










0 comments