ദുരന്തമുഖത്ത് ദുരന്തമാകല്ലേ... സ്‌നാപ്പും റീൽസും പിന്നീടാകാം

കോഴിക്കോട്: ദുരന്തബാധിത പ്രദേശങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല. അവധി ലഭിച്ചതിനാൽ സ്‌കൂളിൽ പോകേണ്ടെന്ന് കരുതി വിദ്യാർഥികളും ദൃശ്യങ്ങൾ പകർത്താൻ യുവാക്കളും ആരും അത്തരം സ്ഥലങ്ങൾ സന്ദർശിക്കേണ്ടതില്ല. സ്‌നാപ് ചാറ്റിൽ സ്‌കോറിനും റീൽസിനും സ്‌റ്റോറിക്കും ലൈക്ക് വർധിപ്പിക്കാനുള്ള സമയമല്ല ഇത്.
ജലാശയങ്ങളുടെ തീരങ്ങളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കുന്നുകളുമെല്ലാം നാം പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അതിന്റെ സാധാരണ ഭാവം മാറ്റുക. കുന്നിടിഞ്ഞാൽ, വെള്ളം ഇരച്ചെത്തിയാൽ, കാലൊന്നു തെന്നി വെള്ളക്കെട്ടിൽ വീണാൽ നാം പ്രതീക്ഷിക്കുന്നതാവില്ല സംഭവിക്കുക. നിമിഷങ്ങൾക്കുള്ളിൽ അപകടം സംഭവിച്ചേക്കാം. അതുകൊണ്ട് അത്തരം സ്ഥലങ്ങളിൽ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. പെരുവയൽ കൊണാറമ്പിൽ വെള്ളപ്പൊക്കം കാണാൻ പോയ യുവാവ് കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണിരുന്നു. കൊണാറമ്പ് സ്വദേശി സുഹൈൽ (35) ആണ് വയലിലെ വെള്ളക്കെട്ടിൽ വീണത്. വീടിനു സമീപത്തെ വെള്ളക്കെട്ട് കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് കരയ്ക്കെത്തിച്ചു മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മുൻ വർഷങ്ങളിലും ഇത്തരം അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്.









0 comments