കളമശേരി ബയോമൈനിങ്; ഭൂമി നിരപ്പാക്കൽ ആദ്യഘട്ടം പൂർത്തിയായി

എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് ലോകബാങ്കിന്റെ സഹായത്തോടെ വീണ്ടെടുത്ത കളമശേരി നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രം സോൺ–- 1
കളമശേരി
കളമശേരി നഗരസഭയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കംചെയ്ത് ഭൂമി വീണ്ടെടുക്കാനുള്ള ബയോമൈനിങ് പദ്ധതിയിൽ ബാക്ക്ഫില്ലിങ് (ഭൂമി നിരപ്പാക്കൽ) പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. സോൺ ഒന്നിൽ മൂന്ന് പതിറ്റാണ്ടായി കുന്നുകൂടിക്കിടക്കുന്ന 8,230.80 മീറ്റർ ക്യൂബ് മാലിന്യം നീക്കിയാണ് ബാക്ക്ഫില്ലിങ് പൂർത്തിയാക്കിയത്. മാലിന്യങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത, മണ്ണിന് സമാനമായ ബയോസോയിലും ഇനെർട്ടും ലാബ് പരിശോധനകൾക്കുശേഷം കേന്ദ്രത്തിൽത്തന്നെ നിക്ഷേപിച്ചാണ് ഭൂമി നിരപ്പാക്കിയത്. ഇതുവരെ 60 സെന്റ് ഭൂമി വീണ്ടെടുത്തു. ശേഷിക്കുന്ന ഭാഗങ്ങളിലെ ബയോമൈനിങ് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മാലിന്യം മുഴുവൻനീക്കി നിരപ്പാക്കുന്നതോടെ ഭൂമി മറ്റു വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകും.
എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് ലോകബാങ്കിന്റെ സഹായത്തോടെയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ (കെഎസ്ഡബ്ല്യുഎംപി) ഉൾപ്പെടുത്തി മാലിന്യം നീക്കംചെയ്യുന്നത്. 9.20 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
ദേശീയപാതയോരത്ത് റെയിൽവേ സ്റ്റേഷനും അപ്പോളോ ടയേഴ്സിനും ഇടയിലുള്ള 1.95 ഏക്കർ ഭൂമിയിലാണ് 30 വർഷമായി മാലിന്യം തള്ളിയിരുന്നത്. ഭൂനിരപ്പിൽനിന്ന് 11 മീറ്റർ ഉയരത്തിലും 8.5 മീറ്റർ താഴ്ചയിലുമാണ് മാലിന്യം. 39, 725.44 മീറ്റർ ക്യൂബ് മാലിന്യമാണുള്ളത്. ഇതിൽ 17,879 മീറ്റർ ക്യൂബ് മാലിന്യം സംസ്കരിച്ചു. 21,846 മീറ്റർ ക്യൂബ് മാലിന്യംകൂടി സംസ്കരിക്കാനുണ്ട്. ഇതുവരെ 4,927.29 മെട്രിക് ടൺ ആർഡിഎഫ് (ജ്വലന സാധ്യതയുള്ളവ) ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് അയച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കമ്പനിയാണ് ബയോമൈനിങ് ജോലികൾക്ക് കരാറെടുത്തിട്ടുള്ളത്.










0 comments