വെട്ടിയത് അപകടകരമായ മരം മുറിക്കുന്നതിന്റെ മറവിൽ
പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും അതിക്രമിച്ചുകയറി മരങ്ങൾ വെട്ടിയെന്ന് മുൻ ഉദ്യോഗസ്ഥ

മാന്നാർ
അപകടകരമായ മരക്കന്പുകൾ മുറിക്കുന്നതിന്റെ മറവിൽ പഞ്ചായത്ത് അധികൃതർ അതിക്രമിച്ചുകയറി പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥയുടെ സ്ഥലത്തെ ഒരുലക്ഷം രൂപയുടെ മരങ്ങൾ മുറിച്ചുനീക്കിയതായി പരാതി. ചെന്നിത്തല പഞ്ചായത്ത് 19–-ാം വാർഡിൽ തെക്കുംമുറി ജയഭവനിൽ എം ബി അമ്മിണിക്കുട്ടിയുടെ വീട്ടുവളപ്പിലെ മരങ്ങളാണ് മുറിച്ചത്. പൊതുജനങ്ങൾക്ക് ഭീഷണിയില്ലാതിരുന്ന മരങ്ങൾ വെട്ടിയതിൽ ദുരൂഹതയുണ്ടെന്നും മാന്നാർ പൊലീസിലും പഞ്ചായത്ത് സെക്രട്ടറിക്കും കോടതിയിലും പരാതി നൽകിയെന്നും അമ്മിണിക്കുട്ടി, മകൻ ജിജി രാജ്, ബന്ധു ജയരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്മിണിക്കുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്റെ അതിർത്തിയിൽ അപകടകരമായിനിന്ന മരങ്ങളുടെ കന്പുകൾ മുറിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കന്പുകൾ മുറിച്ചു. വീണ്ടും മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് ജിജി രാജിന്റെ പേരിൽ നോട്ടീസ് നൽകി. തിങ്കൾ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ്, പഞ്ചായത്തംഗം തോമസ്‌കുട്ടി കടവിൽ, ജീവനക്കാരൻ ഗോപാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ പുരയിടത്തിൽ കടന്നുകയറിയെന്ന് അമ്മിണിക്കുട്ടി ആരോപിച്ചു. 25 വർഷത്തോളം പഴക്കമുള്ള മഹാഗണി ഉൾപ്പെടെയുള്ള വൻമരങ്ങൾ മുന്നറിയിപ്പില്ലാതെ മുറിച്ചുമാറ്റി ഒരുലക്ഷം രൂപയുടെ നാശനഷ്‌ടം വരുത്തിയതായും അവർ പറയുന്നു.










0 comments