പനിച്ചുവിറച്ച് മലയോരം
രാത്രി ഡോക്ടറില്ലാതെ പൂടംകല്ല് താലൂക്കാശുപത്രി

എ കെ രാജേന്ദ്രൻ
Published on Jun 17, 2026, 03:00 AM | 1 min read
രാജപുരം
മഴക്കാലം ആരംഭിച്ചതോടെ മലയോരം പനിച്ചുവിറക്കുകയാണ്. രോഗികൾക്ക് ആശ്രയമേകേണ്ട പൂടംകല്ല് താലുക്കാശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി രാത്രികാല ഡോക്ടറില്ല. ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചപ്പനിയും മറ്റ് രോഗങ്ങളും വ്യാപിക്കുന്പോഴും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. കർണാടക അതിർത്തിപങ്കിടുന്ന ഈ മേഖലയിൽ ചികിത്സാസൗകര്യമില്ലാതെ രോഗികൾ വലയുകയാണ്. പൂടംകല്ല് താലൂക്കാശുപത്രിയിൽ ദിവസം 500ലധികം രോഗികൾ ചികിത്സയ്‌ക്കെത്തുന്നു. രാത്രിയിലും രോഗികൾ എത്തുന്നുണ്ട്. വാഹനാപകടം ഉൾപ്പെടെയുള്ള കേസുകളും ഉണ്ടാവാറുണ്ട്. രാത്രികാലത്ത് കടുത്ത നെഞ്ചുവേദനയുമായി എത്തുന്നവർ ചികിത്സകിട്ടാതെ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. രോഗികൾ ഗുരുതരപ്രയാസം അനുഭവിക്കുമ്പോഴും ഡോക്ടറെ നിയമിക്കാനോ രാത്രിചികിത്സ പുന:രാരംഭിക്കാനോ അധികൃതർ തയ്യാറാവുന്നില്ല. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലുള്ളവരും കുറ്റിക്കോൽ, ബേഡകം, പുല്ലൂർ പെരിയ പഞ്ചായത്തുകളിലുള്ളവരും ചികിത്സക്കായി ഈ ആശുപത്രിയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ചികിത്സകിട്ടാതെ രോഗികൾ മരിക്കുന്ന സംഭവം ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് അനങ്ങുന്നില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർ കൂടുതലുള്ള മേഖലയാണിത്. സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരാണ് കൂടുതലും. ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടാനുള്ള സഹാചര്യമില്ല. 15 ഡോക്ടർമാർ ആവശ്യമുള്ള ആശുപത്രിയിൽ ഇപ്പോഴുള്ളത് ഏഴിൽതാഴെ ഡോക്ടർമാർമാത്രം. പകൽ സമയത്തുപോലും ഒപിയിൽ ആവശ്യത്തിന് ഡോക്ടറില്ലാത്ത സ്ഥിതിയുമുണ്ട്. ചികിത്സതേടിയെത്തുന്നവർ ഡോക്ടറെകാണാൻ മണിക്കൂറുകളോളം ക്യൂ നിൽക്കണം. പ്രസവ ചികിത്സാകേന്ദ്രത്തിന് ആവശ്യമായ കെട്ടിടസൗകര്യങ്ങളും ഉപകരണങ്ങളും സജീകരിച്ചിട്ട് കാലമേറെയായി. ഗൈനക്കോളജിസ്റ്റ്, അനസ്തേഷ്യ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ തസ്തികയില്ലാത്തതിനാൽ ഇതുവരെ കേന്ദ്രം തുടങ്ങിയിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ 10 വർഷ ഭരണകാലത്ത് ആശുപത്രി പ്രവർത്തനം കൃത്യമായനിലയിലായിരുന്നു. യുഡിഎഫ് സർക്കാർ വന്നിട്ട് ഒരു ദിവസംപോലും രാത്രികാല ഒപി ആരംഭിക്കാൻ കഴിഞ്ഞില്ല.









0 comments