print edition ഫ്രാൻസ്, എംബാപ്പെ തുടങ്ങി

ലോകകപ്പിൽ സെനെഗലിനെതിരെ ഇരട്ട ഗോൾ നേടിയ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുടെ ആഹ്ലാദം
ന്യൂയോർക്ക്: കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രഞ്ച് പടയോട്ടം തുടങ്ങി. ലോകകപ്പിൽ ആഫ്രിക്കൻ കരുത്തരായ സെനെഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം എംബാപ്പെ രണ്ടുതവണയും ബ്രാഡ്ലി ബർകോളയും ലക്ഷ്യം കണ്ടു.
സെനെഗലിനായി ഇബ്രാഹിം എംബായെ ആശ്വാസ ഗോൾ നേടി. ഫ്രാൻസ് ഗോളടിക്കുന്നതുവരെ മിന്നിക്കളിച്ച സെനെഗൽ കിട്ടിയ അവസരം മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ഒന്നാം പകുതിയിൽ ഗോളെന്നുറച്ച രണ്ടവസരങ്ങൾ പാഴാക്കിയതിന് വലിയ വില കൊടുക്കേണ്ടിവന്നു.
ഫ്രാൻസാകട്ടെ ലീഡ് നേടിയ ശേഷം ചാമ്പ്യൻമാരെപ്പോലെയാണ് കളം നിറഞ്ഞത്. എംബാപ്പെയ്ക്ക് ലോകകപ്പിൽ 14 ഗോളായി.
ആവേശത്തോടെ പന്തുതട്ടിയ ഇറാൻ ന്യൂസിലൻഡിനെതിരെ 2–2ന്റെ സമനിലയുമായി തിരിച്ചുകയറി.
കൈയടികൾ ഏറ്റുവാങ്ങിയ അവർ കൂവലിനെയും സൗമ്യമായി നേരിട്ടു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ കളി കഴിഞ്ഞയുടൻ അമേരിക്ക വിടാനാണ് അധികൃതർ ഇറാൻ ടീമിനോട് ആവശ്യപ്പെട്ടത്.
‘ഇൗ ലോകകപ്പിൽ ഏറ്റവും അടിച്ചമർത്തപ്പെട്ട ടീമാണ് ഞങ്ങളുടേതെന്ന്’ കോച്ച് അമീർ ഗലെനോയിക്ക് വേദനയോടെ പറയേണ്ടിവന്നു. മെക്‌സിക്കോയിലെ ടിഹുവാനയിലാണ് ടീമിന്റെ പരിശീലന ക്യാന്പ്.
ലോകകപ്പിലെ ഗോൾകീപ്പർമാരുടെ ദിനത്തിൽ നാൽപ്പതുകാരൻ വൊസീന്യയുടെ ഐതിഹാസിക പ്രകടനത്തിന്റെ മികവിൽ നവാഗതരായ കേപ് വെർദെ യൂറോപ്യൻ ചാന്പ്യൻമാരായ സ്‌പെയ്നിനെ സമനിലയിൽ തളച്ചത് ആവേശക്കാഴ്‌ചയായി.
ഗ്രൂപ്പ് എച്ചിൽ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ മിന്നുന്ന പ്രകടനം സൗദി അറേബ്യക്ക് മികച്ച തുടക്കം നൽകി. ലീഡ് നേടിയശേഷം ഉറുഗ്വായ്‌യുമായി സമനില വഴങ്ങുകയായിരുന്നു (1–1). ബൽജിയം–ഇൗജിപ്‌ത് മത്സരവും 1–1ന് അവസാനിച്ചു.









0 comments