print edition ആർഎസ്എസ് ബന്ധമുള്ളവർക്ക് ബന്ധുനിയമനം; സംസ്‌കൃത സർവകലാശാലയിൽ കൂട്ടപിരിച്ചുവിടൽ

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കറ്റ് അറിയാതെ ഇരുനൂറിലധികം ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിട്ട് പകരം ആർഎസ്എസ് പശ്ചാത്തലം ഉള്ളവരെയും യോഗ്യത ഇല്ലാത്തവരെയും നിയമിച്ചു. വൈസ് ചാൻസലർ സിസ തോമസാണ് ഏകപക്ഷീയ തീരുമാനമെടുത്തത്.
ഇതിനെതിരെ സിൻഡിക്കറ്റ് യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ വൈസ് ചാൻസലർക്ക് കത്ത് നൽകിയതായി സിൻഡിക്കറ്റ് അംഗം കെ എസ് അരുൺകുമാർ പറഞ്ഞു.
ഗസ്റ്റ് അധ്യാപക അഭിമുഖത്തിനായി വകുപ്പ് മേധാവികൾ നൽകിയ വിഷയവിദഗ്‌ധരുടെ പട്ടിക വിസി അട്ടിമറിച്ചു. പട്ടികയിൽ സംഘപരിവാർ രാഷ്ട്രീയമുള്ളവരെ ക്യാമ്പസിന് പുറത്തുനിന്ന് ഉൾപ്പെടുത്തി. വിഷയങ്ങളുമായി ബന്ധമില്ലാത്തവർ "വിഷയവിദഗ്‌ധരായി' ഉൾപ്പെട്ടു.
രണ്ടുമാസം കൂടുമ്പോൾ സിൻഡിക്കറ്റ് യോഗം ചേരണമെന്നാണ് വ്യവസ്ഥ.
അവസാന യോഗം ചേർന്നത് 2026 ഫെബ്രുവരി 17നാണ്. സിൻഡിക്കറ്റ് അംഗങ്ങൾ ഉൾപ്പെട്ട, സർവകലാശാല സബ്കമ്മിറ്റികളുടെ യോഗം ചേരാൻ വിസിയും ചില വകുപ്പ് ചുമതലക്കാരും അനുവദിക്കുന്നില്ല. വിദ്യാർഥികളും അധ്യാപകരുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്.
സിൻഡിക്കറ്റ് യോഗം സമയബന്ധിതമായി ചേരാത്തതിനാൽ നിരവധി ഗവേഷകരുടെ പിഎച്ച്‌ഡി അവാർഡ് ഉൾപ്പെടെ മുടങ്ങി. നിരവധിപേരാണ് ഓപ്പൺ ഡിഫൻസ് കഴിഞ്ഞ് പിഎച്ച്ഡിക്കായി കാത്തിരിക്കുന്നത്.










0 comments