print edition മുനമ്പം: അത് മുഖ്യമന്ത്രിയുടെ അഭിപ്രായം– വഖഫ് ബോർഡ് ചെയർമാൻ

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. പത്തുമിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രസ്‌താവന ആലങ്കാരിക പ്രയോഗമാണ്.
മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് ‘രാഷ്ട്രീയമല്ലേ, പലതും കാണുമെന്നും രാഷ്ട്രീയനേതാവായി പറയുമ്പോൾ ഉള്ള കാര്യം ഭരണകർത്താവാകുമ്പോൾ നടക്കണമെന്നില്ലെന്നും’ അദ്ദേഹം പ്രതികരിച്ചു.
മുനന്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് സർക്കാർ എടുത്തിട്ടില്ല. സർക്കാരിനുള്ളിൽ അഭിപ്രായവ്യത്യാസമുണ്ട്. മന്ത്രി കെ എം ഷാജി ഉൾപ്പെടെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞു. ഒന്നിലധികം കോടതിവിധികളുമുണ്ട്.
ഫാറൂഖ് കോളേജിനൊപ്പം നിൽക്കണമോ വഖഫ് ബോർഡിനൊപ്പം നിൽക്കണമോ എന്ന് മുസ്ലിംലീഗ് തീരുമാനിക്കണം. ഭൂമി വഖഫായി സ്ഥിരപ്പെടുത്തുക എന്നതാണ് ബോർഡിന് പ്രധാനം.
ഉമീദ് പോർട്ടലിൽ മുനമ്പം രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നോട്ടീസിന് വിശദമായ മറുപടി നൽകി–ഹംസ പറഞ്ഞു.










0 comments