മെസിക്ക് മുന്നിൽ സ്വിസ് മതിൽ

കാൻസാസ് സിറ്റി:
ലോകകപ്പിൽ ചാമ്പ്യൻമാർക്ക് പരീക്ഷണ കാലമാണ്. ഗ്രൂപ്പ് ഘട്ടം വലിയ വിയർപ്പൊഴുക്കാതെ മുന്നേറിയെങ്കിലും നോക്കൗട്ടിൽ കാര്യങ്ങൾ അത്ര പന്തിയല്ല. റൗണ്ട് ഓഫ് 32ൽ കേപ് വെർദെയും പ്രീ ക്വാർട്ടറിൽ ഇൗജിപ്‌തും വിറപ്പിച്ചു. അർജന്റീനയ്‌ക്കും ലയണൽ മെസിക്കും മുന്നിൽ ഇനി പ്രതിരോധക്കളിയുടെ ആശാൻമാരായ സ്വിറ്റ്‌സർലൻഡാണ്. കാൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നാളെ രാവിലെ ആറരയ്‌ക്കാണ് ക്വാർട്ടർ പോരാട്ടം.
കിരീടം നിലനിർത്താനാണ് അർജന്റീന തയ്യാറെടുക്കുന്നത്. 1954നുശേഷം ആദ്യ ക്വാർട്ടറാണ് സ്വിസിന്. ലോകകപ്പിൽ ഇരുടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോൾ ജയം ലാറ്റിനമേരിക്കൻ ശക്തിക്കൊപ്പം നിന്നു. 2014ലായിരുന്നു അവസാനം. അന്ന് പ്രീ ക്വാർട്ടറിൽ അധിക സമയത്ത് ഏഞ്ചൽ ഡി മരിയയുടെ ഒറ്റ ഗോളിലാണ് ജയം. മെസിയായിരുന്നു വഴിയൊരുക്കിയത്.
അവസാന രണ്ട് മത്സരങ്ങളിലും വെല്ലുവിളി നേരിട്ടെങ്കിലും അർജന്റീന ആത്മവിശ്വാസത്തിലാണ്. തോൽവി മുന്നിൽ കണ്ടിട്ടും പതറാതെ തിരിച്ചുവന്നത് വീര്യം നൽകുന്നു. മെസിയാണ് ഉൗർജം. തുടർച്ചയായ ഒമ്പത് കളിയിൽ ഗോളടിച്ചു ക്യാപ്‌റ്റൻ.
ഇൗ പതിപ്പിൽ അഞ്ച് മത്സരത്തിൽ എട്ട് ഗോളായി. ഓരോ മത്സരത്തിലും റെക്കോഡുകൾ കടപുഴക്കിയാണ് മുപ്പത്തെട്ടുകാരന്റെ കുതിപ്പ്. ഇൗജിപ്‌തിനെതിരെ അവസാന പകുതിയിലെ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നതാണ്. മധ്യനിര ഉണർന്നു കളിച്ചു. മിന്നൽ പ്രത്യാക്രമണം വരുമ്പോൾ ജാഗ്രത കാട്ടാത്ത പ്രതിരോധനിരയാണ് പോരായ്‌മ. ടീമിൽ വലിയ മാറ്റങ്ങളുണ്ടാകില്ല.
ആൽപ്‌സ് പർവതത്തിന്റെ കരുത്താണ് സ്വിറ്റ്‌സർലൻഡ് പ്രതിരോധത്തിന്. പ്രീ ക്വാർട്ടറിൽ കൊളംബിയയെ 120 മിനിറ്റ് ഗോളടിക്കാൻ അനുവദിച്ചില്ല. ഷൂട്ടൗട്ടിൽ ജയം പിടിക്കുകയും ചെയ്‌തു.
മറ്റൊരു നോക്കൗട്ടിൽ അർജീരിയയെ രണ്ട് ഗോളിനും വീഴ്‌ത്തി. നികോ എൽവെദി, റിക്കാർഡോ റോഡ്രിഗസ് ഉൾപ്പെട്ടതാണ് പ്രതിരോധം.
ഡിഫൻസീവ് മിഡ്‌ഫീൽഡറായി ക്യാപ്‌റ്റൻ ഗ്രാനിത് ഷാക നിറഞ്ഞുകളിക്കുന്നുണ്ട്. ഗോളടിയിൽ ബ്രീൽ എംബോളോയാണ് തുറുപ്പുചീട്ട്. പരിക്കുമാറി യൊഹാൻ മൻസാംബി പകരക്കാരനായെത്തും. ഗോൾകീപ്പർ ഗ്രിഗർ കോബെല്ലിന്റെ സാന്നിധ്യവും കരുത്താകും. സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ശൈലികളിലാണ് പരിശീലകൻ ലയണൽ സ്‌കലോണി അർജന്റീനയെ ഒരുക്കുന്നത്. 4–1–3–2 ആകും സ്വിസിനെതിരെ ആവിഷ്‌കരിക്കുക. യൂറോപ്യൻ ടീമാകട്ടെ 4–2–3–1 വിന്യാസമാകും കോച്ച് മുറാത് യാകിന്റെ തന്ത്രത്തിൽ കളിക്കുക.











0 comments