print edition സമയഗോപുരം തകരുമ്പോൾ ഓർക്കേണ്ടത്

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുന്പാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ സമയഗോപുരം തകർന്നത്. ബ്രിട്ടീഷ് കാലത്തെ, 138 വർഷം പഴക്കമുള്ള ആ നിർമിതി അപകടാവസ്ഥയിലാണെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ തിക്തഫലം. ഗോപുരം തകർന്നുവീണ രണ്ടാംനന്പർ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാത്തതുകൊണ്ടുമാത്രം വൻദുരന്തം വഴിമാറി. ഗോപുരത്തിന്റെ ഇഷ്‌ടികയും പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയുമൊന്നിച്ച് വ്യാഴം പകൽ 11.10ന് തകർന്നുവീണത് രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നേരത്തേതന്നെ ജീവനക്കാർ അവിടെ ബാരിക്കേഡ് കെട്ടിയിരുന്നില്ലെങ്കിൽ ഭയാനകമായ ദുരന്തം സംഭവിച്ചേനെ. നിരവധി ട്രെയിനുകൾ സമയം തെറ്റി ഓടേണ്ടിവന്നു. ചില ട്രെയിനുകൾ കല്ലായിയിലും എലത്തൂരിലും നിർത്തിയിട്ടു. പതിനായിരക്കണക്കിന് പേരാണ് ഇതുമൂലം ദുരിതം നേരിട്ടത്.
കള്ളാടിയിൽ തുരങ്കപാതയ്‌ക്കുവേണ്ടി എടുത്ത മണ്ണ് നീക്കാനുള്ള നിർദേശം നടപ്പാക്കാതിരുന്നതാണ് അപകടകാരണമെങ്കിൽ കോഴിക്കോട്ടും സ്ഥിതി സമാനം. ഗോപുരം അപകടാവസ്ഥയിലാണെന്നും പൊളിച്ചുനീക്കണമെന്നും മൂന്നുമാസംമുന്പ് ബന്ധപ്പെട്ടവർ കരാറുകാർക്ക് നിർദേശം നൽകിയിരുന്നു. ഇൗ തീരുമാനം നടപ്പാക്കാത്ത അനാസ്ഥയാണ് അതിന്റെ തകർച്ചയ്‌ക്ക് വഴിവച്ചത്. വഴിമാറിപ്പോയ ദുരന്തത്തിന്റെ കണക്കെടുപ്പുകൾ റെയിൽവേ അധികൃതർ തുടങ്ങിയിട്ടുണ്ടാകും. താഴെത്തട്ടിലുള്ള ഏതെങ്കിലും ജീവനക്കാരനെ കുറ്റവാളിയായി കണ്ടെത്തും. അയാളെ അതിന്റെ പേരിൽ ക്രൂശിക്കുകയും ചെയ്യും.
പക്ഷേ, സാധാരണക്കാരായ യാത്രികരെ സംബന്ധിച്ചിടത്തോളം ഓരോ ട്രെയിൻ യാത്രയും ക്ലേശാനുഭവങ്ങളാണ്. മൂന്നുവർഷമായി കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഇഴഞ്ഞുനീങ്ങുന്ന, സ്റ്റേഷൻ നവീകരണത്തിന്റെ പേരിലുള്ള നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടി കെട്ടി ഉയർത്തിയ ബാരിക്കേഡുകൾക്ക് നടുവിലൂടെ സാഹസികമായി വേണം ട്രെയിനിൽ കയറാൻ. പ്ലാറ്റ്‌ഫോമിന്റെ സിംഹഭാഗവും കവരുന്ന ബാരിക്കേഡുകൾ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും അടക്കമുള്ള എല്ലാ സ്റ്റേഷനുകളിലുമുണ്ട്. ഇതിനിടയിലൂടെ വേണം തിരക്കുള്ള ട്രെയിനുകളിലേക്ക് കയറാനും ഇറങ്ങാനും. അതുണ്ടാക്കുന്ന പ്രയാസങ്ങൾ വിവരണാതീതം.
കോഴിക്കോട്ടെ ഗോപുരം തകരുന്നതിന് കൃത്യം ഒരാഴ്‌ചമുന്പ് ജൂലെെ രണ്ടിനാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്രെയിൻ തകർന്നുവീണത്. അവിടെയും വൻദുരന്തം ഒഴിഞ്ഞുപോകുകയായിരുന്നു. സ്‌റ്റേഷനുകളിൽ എസ്‌കലേറ്റർ, ലിഫ്‌റ്റ് എന്നിവ പലപ്പോഴും കേടാകുന്നതിനാൽ വയോധികർ അടക്കമുള്ള യാത്രക്കാർക്ക് പടികൾ കയറി ബുദ്ധിമുട്ടേണ്ടിവരുന്നു.
അമൃത് ഭാരത് സ്റ്റേഷൻ സ്‌കീം (എബിഎസ്‌എസ്) എന്ന പേരിലാണ് ഇൗ നിർമാണമത്രയും. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളെ ഘട്ടംഘട്ടമായി നവീകരിക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി 2023ലാണ് കേന്ദ്രസർക്കാർ പദ്ധതി തുടങ്ങിയതെങ്കിലും പണി എവിടെയും എത്തിയിട്ടില്ല. പലയിടത്തും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. നിർമാണം പൂർത്തിയാകാതെ ഉദ്‌ഘാടനം ചെയ്‌ത സ്‌റ്റേഷനുകളുമുണ്ട്. രാജ്യത്ത് ആയിരത്തിലധികം സ്റ്റേഷനുകളിൽ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനാണ് ഇൗ പുതിയ രൂപകൽപ്പന. തിരുവനന്തപുരം സെൻട്രലും കോഴിക്കോടും കൂടാതെ എറണാകുളം ജങ്ഷൻ, കൊല്ലം, ഷൊർണൂർ ജങ്‌ഷൻ, തൃശൂർ, കണ്ണൂർ തുടങ്ങിയ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്.
സ്റ്റേഷനുകളുടെ സൗന്ദര്യവൽക്കരണത്തിനായി കോടികൾ മുടക്കുന്ന റെയിൽവേ, യാത്രക്കാരുടെ അടിയന്തര ആവശ്യങ്ങൾ അവഗണിക്കുകയാണ്. പുതിയ പാതകൾ, പുതിയ ട്രെയിനുകൾ, സിഗ്‌നലിങ് സംവിധാനത്തിന്റെ കാര്യക്ഷമത, ട്രെയിനുകൾ സമയം പാലിക്കൽ എന്നിവയൊന്നും റെയിൽവേയുടെ മുൻഗണനയിലില്ല. റെയിൽവേയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളിൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ് പല പദ്ധതികളും എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇപ്പോൾത്തന്നെ സ്വകാര്യവൽക്കരണമോ പൊതു സ്വകാര്യ പങ്കാളിത്തമോ (പിപിപി) നടപ്പാക്കിക്കഴിഞ്ഞു.
കോച്ച് നിർമാണത്തിലും ലോക്കോമോട്ടീവ് ഫാക്‌ടറികളിലും സ്വകാര്യനിക്ഷേപം നടപ്പാക്കി. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, വാണിജ്യ വികസനം, ചരക്ക് ടെർമിനലുകളുടെ നിർമാണവും നടത്തിപ്പും എന്നിവയിലെല്ലാം സ്വകാര്യപങ്കാളിത്തം വന്നു. സ്റ്റേഷൻ ശുചീകരണം, പാർക്കിങ്, റിട്ടയറിങ് റൂം, കാറ്ററിങ് തുടങ്ങിയ അനുബന്ധസേവനങ്ങൾക്ക് കാലങ്ങളായി പുറംകരാർ നൽകുന്ന രീതിയാണ്. യാത്രക്കാർക്ക് മുൻഗണന നൽകുന്നതിൽ റെയിൽവേയ്‌ക്ക് താൽപ്പര്യമില്ല. വടക്കൻ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയുടെ കാര്യത്തിൽ പതിറ്റാണ്ടുകളായുള്ള ദുരിതം ഇപ്പോഴും തുടരുന്നു. അവധിക്കാലത്തെ യാത്രകളാകട്ടെ, അതികഠിനവും. മുഖംമിനുക്കലല്ല, അടിസ്ഥാനപരമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനാണ് റെയിൽവേ ശ്രമിക്കേണ്ടത് എന്ന വസ്‌തുതയ്‌ക്കാണ് ഓരോ അപകടവും അടിവരയിടുന്നത്.










0 comments