ad
Deshabhimani

ജല അതോറിറ്റി ചെളിനീക്കിയില്ല; 
അപകടത്തില്‍പ്പെട്ടത് 13 ഇരുചക്രവാഹനം

ഡീസന്റ്മുക്ക് –പുല്ലൂർമുക്ക് റോഡിന്റെ ഒരുഭാഗം ചെളിനിറഞ്ഞനിലയില്‍

ഡീസന്റ്മുക്ക് –പുല്ലൂർമുക്ക് റോഡിന്റെ ഒരുഭാഗം ചെളിനിറഞ്ഞനിലയില്‍

വെബ് ഡെസ്ക്

Published on Jul 11, 2026, 05:22 AM | 1 min read

കിളിമാനൂർ

റോഡിലെ ചെളിക്കെട്ടില്‍ വീണ് അപകടങ്ങൾ പതിവായതോടെ ജല അതോറിറ്റിക്കെതിരെ പരാതിയുമായി പ്രദേശവാസികള്‍. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് -പുല്ലൂർമുക്ക് റോഡിലാണ് ഈ ദുർഗതി. ചെളിനിറഞ്ഞ റോഡില്‍ ഒറ്റദിവസംമാത്രം 13 ഇരുചക്രവാഹനങ്ങളാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ആറ് പേർക്ക് പരിക്കുംപറ്റി. ജല അതോറിറ്റി ജീവനക്കാർ പൈപ്പ് സ്ഥാപിക്കാന്‍ റോഡിന്റെ വശങ്ങളിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുകയും പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട്‌ മൂടുകയും ചെയ്തിരുന്നു. എന്നാൽ, റോഡിൽ വീണ മണ്ണ് ജീവനക്കാർ നീക്കംചെയ്തില്ല. മഴ പെയ്തതോടെ റോഡ് ചെളിക്കെട്ടായി. ഇവിടെ ഒരുവിധ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല. റിബണ്‍പോലും വലിച്ചു കെട്ടിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെളിനിറഞ്ഞ റോഡില്‍ ഇരുചക്രവാഹനത്തിനു പുറമെ കാല്‍നട യാത്രക്കാരും തെന്നിവീഴുന്നത് പതിവായി. കെസിഎംഎൽപി സ്കൂളിലേക്കുള്ള റോഡാണിത്. റോഡിന്റെ അപകടാവസ്ഥ കാരണം കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ രക്ഷാകർത്താക്കൾക്ക് പേടിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും റോഡ്‌ കഴുകുക പ്രായോഗികമല്ലാത്തതിനാൽ മടങ്ങിപ്പോയി. എത്രയും വേഗം റോഡിലെ ചെളി പൂർണമായി നീക്കംചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് വാർഡ്‌ മെമ്പർമാരായ ഇ ജലാൽ, വിജിൻ എന്നിവര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home