ad
Deshabhimani

'അമേരിക്ക കായികരംഗത്ത് രാഷ്ട്രീയം കളിക്കുന്നു'; ലോകകപ്പ് ടിക്കറ്റുകൾ റദ്ദാക്കിയെന്ന് ഇറാൻ

iran football fans

ഞായറാഴ്ച മെക്സിക്കോയിലെ തിഹുവാനയിൽ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനായി എത്തിയ ഇറാൻ ടീമിലെ കളിക്കാരെ ആരാധകർ കൈവീശി സ്വീകരിക്കുന്നു | Photo Credit: AP

വെബ് ഡെസ്ക്

Published on Jun 09, 2026, 04:58 PM | 2 min read

ടെഹ്‌റാൻ: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇറാൻ ആരാധകർക്കായി അനുവദിച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റുകൾ ഫിഫ റദ്ദാക്കിയതായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വരും വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്.


ഫിഫയുടെ ഔദ്യോഗിക നിയമപ്രകാരം ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ ഫെഡറേഷനും അതത് മത്സരങ്ങളുടെ മൊത്തം ടിക്കറ്റുകളുടെ എട്ട് ശതമാനം ആരാധകർക്കായി വിതരണം ചെയ്യാൻ ലഭിക്കേണ്ടതുണ്ടെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.


തങ്ങൾ ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചിരുന്നുവെന്നും, പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ കാരണം യാത്രയ്ക്ക് ഉൾപ്പെടെ തയാറെടുപ്പുകൾ നടത്തിയ ആരാധകർക്ക് ഇനി ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി.


ഇറാൻ ആരാധകർക്ക് അർഹതപ്പെട്ട ഔദ്യോഗിക ടിക്കറ്റുകൾ നിഷേധിക്കുന്നത് അന്താരാഷ്ട്ര മത്സരങ്ങളുടെ സുതാര്യമായ നടത്തിപ്പിനും രാജ്യങ്ങൾ തമ്മിലുള്ള സമത്വ തത്വത്തിനും വിരുദ്ധമാണെന്ന് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ നടത്തിപ്പിൽ കായിക ഇതര-രാഷ്ട്രീയ പരിഗണനകൾ ഇടപെടുന്നു എന്നതിന്റെ തെളിവാണിതെന്നും, കായിക രംഗത്തെ നിഷ്പക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ ഫിഫ തയാറാകണമെന്നും ഇറാൻ ആവശ്യപ്പെട്ടു.


മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും കാരണം ഇറാന്റെ ലോകകപ്പ് പങ്കാളിത്തം തുടക്കം മുതൽക്കേ വലിയ അനിശ്ചിതത്വത്തിലായിരുന്നു. തങ്ങളെ സ്വീകരിക്കാൻ അമേരിക്ക വിമുഖത കാണിക്കുന്നു എന്ന് ആരോപിച്ച് മേയ് 25-ന് ഇറാൻ തങ്ങളുടെ പരിശീലന ക്യാമ്പ് അരിസോണയിൽ നിന്നും മെക്സിക്കൻ നഗരമായ തിഹുവാനയിലേക്ക് മാറ്റിയിരുന്നു.


നിലവിലെ കടുത്ത വിസ വ്യവസ്ഥകൾ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കുമായി കളിക്കാർക്ക് മത്സരദിവസം മാത്രം അമേരിക്കയിലേക്ക് വിമാനമാർഗ്ഗം വരാനും മത്സരം കഴിഞ്ഞ ഉടൻ മടങ്ങാനുമാണ് അനുമതിയുള്ളത്.


കഴിഞ്ഞ ജൂൺ 6-ന് ഇറാന്റെ ദേശീയ ടീം മാനേജ്‌മെന്റിലെ 15 സുപ്രധാന ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിച്ചതായും ഇറാൻ ആരോപിച്ചിരുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ നിർബന്ധിത സൈനിക സേവനം അനുഷ്ഠിച്ച കളിക്കാരെയും ഉദ്യോഗസ്ഥരെയും ടൂർണമെന്റിൽ പ്രവേശിപ്പിക്കണമെന്നത് ഉൾപ്പെടെ 10 നിർദ്ദേശങ്ങൾ ഇറാൻ ഫിഫയ്ക്ക് മുന്നിൽ വെച്ചിരുന്നു.എന്നാൽ, ഐആർജിസിയുമായി ബന്ധമുള്ള വ്യക്തികൾക്ക് പ്രവേശന നിയന്ത്രണമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.


ഏപ്രിലിൽ വാൻകൂവറിൽ നടന്ന ഫിഫയുടെ വാർഷിക കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ ഇറാൻ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തെ കാനഡ അതിർത്തിയിൽ വെച്ച് തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്ന് ഫിഫ കോൺഗ്രസിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഏക രാജ്യവും ഇറാനാണ്. ടൂർണമെന്റിൽ ജൂൺ 15-ന് ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home