ക്രിസ് ഗെയ്ൽ കേളത്തിലേക്ക്; 29ന് കെസിഎൽ കാണാൻ ഗ്രീൻഫീൽഡിൽ എത്തും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസണ് കളികാണാൻ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ൽ എത്തുന്നു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കളി കാണാനാണ് ടീം സഹഉടമകൂടിയായ ഗെയിൽ എത്തുന്നത്. ആഗസ്ത് 19ന് ഉച്ച 2.30ന് നടക്കുന്ന തൃശൂർ ടൈറ്റൻസുമായുള്ള കളി നേരിട്ട് കാണാനും ടീമിന് പിന്തുണ നൽകാനുമാണ് ഗെയ്ൽ സ്റ്റേഡിയത്തിലെത്തുക.
അതേസമയം കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്ജു–സലി സഹോദര സഖ്യത്തിലൂടെ ആരാധകരുടെ പ്രിയ ടീമായി മാറിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇത്തവണ സഞ്ജുവിന്റെ അഭാവത്തിലും കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.
സലി സാംസൺ നയിക്കുന്ന ടീമിൽ മുഹമ്മദ് ആഷിഖ്, വിനൂപ് മനോഹരൻ എന്നിവരടക്കമുള്ള ഓൾറൗണ്ടർമാരിലാണ് പ്രധാന പ്രതീക്ഷ. സഞ്ജുവിന്റെ അഭാവത്തിൽ ബാറ്റിങ്ങിന് നേതൃത്വം നൽകുക വിനൂപ് മനോഹരനായിരിക്കും. കഴിഞ്ഞ സീസണിലെ ഫൈനലിൽ മികച്ച ഇന്നിങ്സുമായി കളിയിലെ താരമായ വിനൂപ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
കേരള സീനിയർ ടീമംഗങ്ങളായ കെഎം ആസിഫ്, ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന പേസ് നിരയാണ് കൊച്ചിയുടെ മറ്റൊരു കരുത്ത്. ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സ്പിന്നർ അനീഷ് രാജനും ടീമിലുണ്ട്. സിഎം ദീപക്കിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് സംഘമാണ് ടീമിന് പരിശീലനം നൽകുന്നത്. വ്യവസായി സുഭാഷ് മാനുവൽ ആണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഉടമ.









0 comments