മയക്കുമരുന്ന് വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധമുയർത്തുക: ഡിവൈഎഫ്‌ഐ

തൃശൂർ: മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി ഉൽപ്പന്നങ്ങളുടെ ഉപഭോഗവും വിപണനവും വർധിക്കുകയാണ്. ലഹരി എന്നതിനപ്പുറം ഒരു തലമുറയുടെ മാനസിക ശാരീരിക ആരോഗ്യത്തെ സമ്പൂർണമായി നശിപ്പിക്കുന്ന ക്രിമിനൽ അജൻഡയാണ് മയക്കുമരുന്ന് മാഫിയകൾ നടപ്പാക്കുന്നത്. വിദ്യാലയങ്ങളും കലാലയങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ശൃംഖലകൾ നാടിന്റെ സമാധാനാന്തരീക്ഷത്തെയും ബാധിച്ചു. കുറ്റകൃത്യങ്ങൾ വർധിക്കാനും കാരണമാകുകയാണ്.
അതിർത്തി കടന്നുള്ള ലഹരി ഒഴുക്ക് തടയാൻ കേന്ദ്ര– സംസ്ഥാന ഏജൻസികൾ സംവിധാനങ്ങൾ ഒരുക്കണം. മയക്കുമരുന്ന് വിതരണം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി ഉറപ്പാക്കണം. ലഹരിക്കടിമപ്പെട്ട യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സൗജന്യ സർക്കാർ ഡീ -അഡിക്ഷൻ സെന്ററുകൾ വർധിപ്പിക്കണം. മയക്കുമരുന്നില്ലാത്ത സുരക്ഷിത കേരളത്തിനായി, സ്കൂൾ പിടിഎ, കലസാഹിത്യ വേദികൾ, കോളേജ് യൂണിയനുകൾ വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണം നടത്തണം. സംസ്ഥാന സർക്കാർ യാന്ത്രികമായി നടപ്പാക്കുന്ന ചില പ്രവർത്തനങ്ങൾ മാധ്യമ വാർത്തകൾ സൃഷ്ടിക്കുന്നതിന് മാത്രമായി മാറുന്ന സ്ഥിതിയിൽനിന്ന് യഥാർഥ ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തണം. ലഹരിയെന്ന ഈ മാരക വിപത്തിനെതിരെ യുവജനത ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.








0 comments