സ്കൂൾ കായികമേള സർക്കാർ അട്ടിമറിച്ചു; മന്ത്രിയുടേത് ധിക്കാരപരമായ സമീപം: കെ രാജൻ

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചതായി കെ രാജൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായിക വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്ലാന്റ് ഫണ്ട് ഉപയോഗിച്ചാണ് മേള നടത്തുന്നത്. എന്നാൽ തന്റെ വകുപ്പിന്റെ കീഴിലല്ല, മത്സരങ്ങൾ നടന്നതെന്ന് പറഞ്ഞ് മന്ത്രി ഒ ജെ ജെനീഷ് ഒഴിയാൻ ശ്രമിക്കുന്നു. കായിക മന്ത്രി ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ജില്ലയുടെ ചുമതലക്കാരനായ മന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആകില്ല.
വിദ്യാഭ്യാസമന്ത്രിയും ജെനീഷും തമ്മിൽ സംസാരിക്കാറില്ലേ. പൊതുവിദ്യാഭ്യാസ മന്ത്രിക്കും കായിക മന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെട്ടു പോകാൻ ആകില്ല. മന്ത്രി അപകടസ്ഥലം സന്ദർശിക്കാത്തതും പരിക്കുപറ്റിയവരെ കാണാത്തതും ജനാധിപത്യ നിഷേധത്തിന്റെ ഭാഗമാണ്. കായിക മേള നടത്തിപ്പിന് മന്ത്രി തലത്തിലോ ഉദ്യോഗസ്ഥ സ്ഥലത്തിലോ സംബന്ധിച്ച ഒരു യോഗവും ചേർന്നിട്ടില്ല. പ്രശ്നം പരിഹരിക്കേണ്ട ക്രൈസിസ് മാനേജ്മെന്റ് നടപടി ഉണ്ടായിട്ടില്ല. അപകടത്തിൽ പരിക്കേറ്റവർക്കും കായികമേളയിൽ പങ്കെടുക്കാനാവാതെ തിരിച്ചു പോയവർക്കും നഷ്ടപരിഹാരം കൊടുക്കണം.
മുൻ സർക്കാർ നടപ്പാക്കിയ ഒളിമ്പിക്സ് മാതൃക തകർത്തത് ബോധപൂർവമാണ്. സ്കൂൾ കായികമേള ഒളിമ്പിക്സ് മോഡലിൽ നിന്നും മാറ്റി, വികേന്ദ്രീകരണത്തിന് പിന്നിൽ ഇടനിലക്കാരുടെ സാമ്പത്തിക താൽപര്യങ്ങളാണ്. സംഘാടകസമിതികൾ പോലും രൂപീകരിക്കാത്തത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണെന്നും രാജൻ പറഞ്ഞു.








0 comments