ഗാന്ധിജിയുടെ ചിത്രം പതിച്ച നോട്ടിനെ അപമാനിക്കുന്ന റീൽ; ഗുജറാത്തിൽ കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

റീലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി സിമ്രാൻ പട്ടേൽ.
സൂറത്ത്: മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച 500 രൂപ നോട്ടിനെ അപമാനിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുന്ന റീൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ ഗുജറാത്തിലെ സൂറത്തിൽ 47കാരിയായ കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ. അദാജൻ സ്വദേശിനിയായ സിമ്രാൻ പട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ഇവർക്ക് പത്ത് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
ഗാന്ധിജയന്തിക്ക് മുന്നോടിയായി ഒക്ടോബർ ഒന്നിനാണ് റീൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വീഡിയോയിൽ ഗാന്ധിജിയുടെ ചിത്രം ഉൾപ്പെട്ട നോട്ടുമായി അനുചിതമായ ദൃശ്യങ്ങളും ആംഗ്യങ്ങളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സാമൂഹിക പ്രവർത്തകനായ ധർമേഷ് ഗാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂറത്ത് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് നടപടി.
അറസ്റ്റിന് പിന്നാലെ സിമ്രാൻ പട്ടേൽ റീൽ പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു. സാമൂഹിക സംഘർഷത്തിന് ഇടയാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.








0 comments