Deshabhimani

മേളയിൽനിന്ന് നൂ‍ഡിൽസ് കഴിച്ച 118 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 12 മുതിർന്നവരും ആശുപത്രിയിൽ

NOODLES
വെബ് ഡെസ്ക്

Published on Nov 22, 2026, 11:45 AM | 1 min read

ഭോപാൽ: മധ്യപ്രദേശിൽ ഗ്രാമീണ മേളയിൽനിന്ന് നൂ‍ഡിൽസ് കഴിച്ച 118 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. 12 മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലാഘട്ട് ജില്ലയിലെ കിരണാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹിരി ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


ഹിരി ഗ്രാമത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച പരമ്പരാഗത മണ്ഡായി മേളയ്ക്കിടെയാണ് സംഭവം. മേളയിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്ന് നൂഡിൽസും മഞ്ചൂരിയനും കഴിച്ച ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. നിരവധി കുട്ടികൾക്ക് ഒരേസമയം വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതോടെ ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


ആദ്യം 118 കുട്ടികളെയും കിരണാപുരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ 45 പേരെ വിദഗ്ധ ചികിത്സയ്ക്കായി ബാലാഘട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ട 73 കുട്ടികളെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി എത്തിയ 12 മുതിർന്നവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തെത്തുടർന്ന് ഞായറാഴ്ച രാവിലെ ബാലാഘട്ട് ജില്ലാ കലക്ടർ ആദിത്യ സിങ് ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തി. കുട്ടികളുമായും മറ്റ് രോഗികളുമായും സംസാരിച്ചു. എല്ലാവർക്കും ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി.


ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ചികിത്സയിലുള്ള 45 കുട്ടികളുടെയും മെഡിക്കൽ വാർഡിലുള്ള 12 മുതിർന്നവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. ശത്രുഘ്ന സിങ് ദാഹിയ അറിയിച്ചു. എല്ലാവരും അപകടനില തരണം ചെയ്തെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home