അമിതവേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ചു; ആർമി ഉദ്യോഗസ്ഥരുടെ കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

കച്ച്: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആർമി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളായ ഏഴ് പേർ മരിച്ചു. ഗുജറാത്തിലെ കച്ചിൽ ഭുജ്-ഖാവ്ദ ദേശീയപാതയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. റിങ്കി നിതിൻ ഗുസൈൻ (35), നാലുമാസം പ്രായമുള്ള മകൾ വാമിക, സൗരഭ് സിംഗ് നേഗി (30), ഭാര്യ സവിത സൗരഭ് സിംഗ് നേഗി (30), മൂന്ന് മാസം പ്രായമുള്ള മകൾ ശിവക, രാജേഷ് റാവത്ത് (35), മകൾ രക്ഷിത (7) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രെയിലർ ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭുജിൽ ജോലി ചെയ്യുന്ന സൈനികരുടെ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഉത്തരാഖണ്ഡിലെ ഗഡ്‌വാൾ സ്വദേശികളായ ഇവർ റാൻ ഓഫ് കച്ച് സന്ദർശിച്ച ശേഷം ഭുജിലേക്ക് മടങ്ങുകയായിരുന്നുവെന്ന് കച്ച് വെസ്റ്റ് പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം കാറിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പൂർണമായും തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടവിവരമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ട് വികാസ് സുന്ദ സ്ഥലത്തും ആശുപത്രിയിലും എത്തിച്ചേർന്നു.








0 comments