റഷ്യയിൽ പ്ലേഗ് ബാധിച്ച് ഗവേഷക മരിച്ചു; 200 ലേറെ പേർ ക്വാറന്റൈനിൽ

ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ടെക്നീഷ്യനുമായ ദാര്യ ഷിപിലോവയാണ് മരിച്ചത്.
മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചു. ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ടെക്നീഷ്യനുമായ ദാര്യ ഷിപിലോവയാണ് മരിച്ചത്. ഗവേഷണത്തിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്ന് ന്യൂമോണിക് പ്ലേഗ് ബാധിച്ചതായാണ് റിപ്പോർട്ട്
സംഭവത്തെ തുടർന്ന് അഞ്ച് ആശുപത്രികൾ അടച്ചതായും 200 ലേറെ പേരെ ക്വാറന്റൈനിലാക്കിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 29 ന് കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിപിലോവ ഒക്ടോബർ ഒന്നിന് മരിച്ചു.
ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതർ അറിയിച്ചു. ഇർകുട്സ്കിൽ പൊതുപരിപാടികൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, രോഗിയുടെ സാമ്പിളുകളിൽ പ്ലേഗിന് കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഇർകുട്സ്ക് ഗവർണർ ഇഗോർ കോബ്സെവ് വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് ജീവനക്കാർക്കിടയിലും പകർച്ചവ്യാധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ന്യുമോണിക് പ്ലേഗ്
പ്ലേഗ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന അതീവ അപകടകരമായ പകർച്ചവ്യാധിയാണ്. രോഗബാധിതമായ ചെള്ളിന്റെ കടിയിലൂടെയും രോഗബാധിത മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം.
പ്ലേഗിന്റെ ഏറ്റവും അപകടകരമായ രൂപമാണ് ന്യൂമോണിക് പ്ലേഗ്. ശ്വാസതടസ്സം, ചുമ, രക്തം കലർന്ന കഫം തുടങ്ങിയ ഗുരുതരമായ ശ്വാസകോശ ലക്ഷണങ്ങൾ വേഗത്തിൽ പ്രകടമാകാം. രോഗബാധിതനായ വ്യക്തിയിൽനിന്ന് ശ്വാസകോശ കണികകളിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്.
ചികിത്സ ലഭിക്കാതെ പോയാൽ ന്യൂമോണിക് പ്ലേഗ് മാരകമായേക്കാം. എന്നാൽ രോഗം നേരത്തെ തിരിച്ചറിഞ്ഞ്, പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ചികിത്സ ആരംഭിച്ചാൽ രോഗമുക്തി നേടാനുള്ള സാധ്യത കൂടുതലാണ്.









0 comments