'അമേരിക്ക മേഖല വിട്ടുപോകണം'; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

തെഹ്‌റാൻ: അമേരിക്ക മേഖല വിട്ടുപോകണമെന്നും ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ കുതിച്ചുയരുന്ന കടത്തിലും സാമ്പത്തിക പ്രതിസന്ധിയിലും നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെല്ലാം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്.
ട്രംപിന്റെ സാമ്പത്തിക ശിക്ഷാ നടപടി പരാജയപ്പെട്ട നയങ്ങളുടെ തുടർച്ചയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇത് അമേരിക്കയ്ക്ക് കൂടുതൽ പരാജയങ്ങൾ മാത്രമേ നൽകൂവെന്നും അരാഗ്ചി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.









0 comments