ad
Deshabhimani

ഫുട്ബോൾ ലോകകപ്പ്; 1930 മുതൽ 2026 വരെ: ചരിത്രത്തെ പിടിച്ചുലച്ച വിവാദങ്ങൾ

fifa football controvercies

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2026, 01:55 PM | 2 min read

തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ എന്നാൽ കേവലം 90 മിനിറ്റ് നീളുന്ന പോരാട്ടങ്ങൾ മാത്രമല്ല. മൈതാനത്തിന് പുറത്തെ തർക്കങ്ങൾ പലപ്പോഴും ഫുട്ബോളിന്റെ ആവേശം ഇല്ലാതാക്കി. ഈ വർഷം ഇറാൻ്റെ പങ്കാളിത്തത്തെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കുമ്പോൾ, ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ സമാനമായ ചില കറുത്ത അധ്യായങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.


രണ്ടാം ലോകമഹായുദ്ധം കവർന്ന പന്ത്രണ്ട് വർഷങ്ങൾ:

1930ൽ തുടക്കം കുറിച്ച ലോകകപ്പിന് ആദ്യമായി തടസ്സം നേരിട്ടത് രണ്ടാം ലോകമഹായുദ്ധമായിരുന്നു. 1938ന് ശേഷം 1942ലും 1946ലും ടൂർണമെന്റ് നടത്താൻ ഫിഫ തീരുമാനിച്ചിരുന്നെങ്കിലും യുദ്ധം കാരണം ഉപേക്ഷിക്കേണ്ടി വന്നു. നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950ലാണ് ലോകകപ്പ് വീണ്ടും പുനരാരംഭിച്ചത്.


ഒരു ഗോളിന് പകരമായി നൽകേണ്ടി വന്ന ജീവൻ:

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവം നടന്നത് 1994 ലാണ്. കൊളംബിയൻ ഡിഫൻഡറായ ആന്ദ്രേസ് എസ്കോബാർ അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ അബദ്ധത്തിൽ ഒരു സെൽഫ് ഗോൾ വഴങ്ങി. ഇതിന്റെ പേരിൽ നാട്ടിൽ തിരിച്ചെത്തിയ താരത്തെ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇത്.


100 മണിക്കൂർ നീണ്ട ഫുട്ബോൾ യുദ്ധം:

1970ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമായി ബന്ധപ്പെട്ട് മധ്യ അമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോറും ഹോണ്ടുറാസും തമ്മിലുണ്ടായ തർക്കം കലാശിച്ചത് ഒരു സായുധ യുദ്ധത്തിലായിരുന്നു. 1969ൽ നടന്ന ഈ പോരാട്ടം ചരിത്രത്തിൽ 'ഫുട്ബോൾ വാർ' എന്നാണ് അറിയപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന അതിർത്തി തർക്കങ്ങൾക്കും കുടിയേറ്റ പ്രശ്നങ്ങൾക്കും ഫുട്ബോൾ മത്സരത്തിനിടയിലെ സംഘർഷങ്ങൾ കാരണമായി. ഏകദേശം നൂറു മണിക്കൂറോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ രണ്ടായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾ അഭയാർത്ഥികളാവുകയും ചെയ്തു. കായിക ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായി ഈ സംഭവം ഇന്നും നിലനിൽക്കുന്നു.


ബഹിഷ്‌കരണങ്ങളും ആഫ്രിക്കൻ പ്രതിഷേധവും

1966 ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഫിഫ നേരിട്ട് യോഗ്യത നൽകാത്തതിൽ പ്രതിഷേധിച്ച് 15 രാജ്യങ്ങൾ ടൂർണമെന്റ് ബഹിഷ്‌കരിച്ചു. ഈ നടപടിയിൽ പ്രതിഷേധിച്ച്‌ ആഫ്രിക്കൻ രാജ്യങ്ങൾ ലോകകപ്പ് ബഹിഷ്‌കരിച്ചു. തുടർന്ന് 1970ൽ ആഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത നൽകാൻ ഫിഫ നിർബന്ധിതരായി.


1978ലെ അർജന്റീന ലോകകപ്പ്

അർജന്റീനയിലെ അന്നത്തെ സൈനിക ഭരണകൂടം ലോകകപ്പിനെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്ന ആരോപണം ശക്തമാവുകയും, ഫൈനലിൽ ഹോളണ്ട് ടീം അർജന്റീനയിലെ ഭരണാധികാരികളെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചതും വിവാദമായി.


1982ലെ ഡിഗ്രേസ് ഓഫ് ജിജോൺ

പശ്ചിമ ജർമ്മനിയും ഓസ്ട്രിയയും തമ്മിൽ നടന്ന മത്സരത്തിൽ, രണ്ടു ടീമുകൾക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പാകത്തിന് ഒത്തുകളിച്ചു എന്ന ആരോപണം ഉണ്ടായി. ഇതിനുശേഷമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേ സമയം നടത്താൻ ഫിഫ തീരുമാനിച്ചത്. സ്‌പെയിനിലെ ജിജോൺ എന്ന നഗരത്തിൽ വെച്ച് നടന്ന ഈ മത്സരം ഫുട്ബോൾ ചരിത്രത്തിന് തന്നെ നാണക്കേടായി മാറി.


ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി

2014ലും 2022ലും ലോകകപ്പ് വേദികൾ നിശ്ചയിച്ചതിൽ വലിയ അഴിമതി നടന്നുവെന്ന ആരോപണം ഫിഫയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. 2015ൽ അമേരിക്കൻ ഏജൻസിയായ എഫ്ബിഐ നടത്തിയ അന്വേഷണത്തിൽ പല ഉന്നത ഉദ്യോഗസ്ഥരും പിടിയിലായി. അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർക്ക്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നു.


മൈതാനത്തെ പോരാട്ടങ്ങൾക്കൊപ്പം തന്നെ ഇത്തരം സംഘർഷങ്ങളും ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ മങ്ങലേൽപ്പിച്ചു. ഈ വർഷത്തെ ഇറാൻ-അമേരിക്കൻ വിഷയവും ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു പോരായി മാറുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home