ഫിഫ ക്ലബ് ലോകകപ്പ് സെമി: ചെൽസി– ഫ്ലുമിനെൻസെ പോരാട്ടം

ഒർലാൻഡോ: ഫിഫ ക്ലബ് ഫുട്‌ബോൾ ലോകകപ്പ് സെമിയിൽ ചെൽസി– ഫ്ലുമിനെൻസെ പോരാട്ടം. പൽമെയ്‌റാസിനെ 2–-1ന് തോൽപ്പിച്ചാണ് ചെൽസി വരുന്നത്. ഫ്ലുമിനെൻസെ ഇതേ സ്‌കോറിന് അൽ ഹിലാലിനെ മറികടന്നു. ചൊവ്വാഴ്‌ചയാണ് സെമി പോരാട്ടം. ടൂർണമെന്റിൽ അവശേഷിക്കുന്ന യൂറോപ്പിന് പുറത്തുള്ള ഏക ക്ലബ്ബാണ് ബ്രസീലിൽനിന്നുള്ള ഫ്ലുമിനെൻസെ. കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗൽ മുന്നേറ്റക്കാരൻ ദ്യേഗോ ജോട്ടയെ അനുസ്‌മരിച്ചാണ് ക്വാർട്ടർ മത്സരങ്ങൾ തുടങ്ങിയത്.
പൽമെയ്‌റാസിന്റെ വെല്ലുവിളി അതിജീവിച്ചാണ് ചെൽസി അവസാന നാലിലിടം പിടിച്ചത്. പന്തടക്കത്തിലും പാസിലും മുന്നേറ്റത്തിലുമെല്ലാം ഇംഗ്ലീഷ് ക്ലബ് മുന്നിട്ടുനിന്നെങ്കിലും ബ്രസീലിൽനിന്നുള്ള പൽമെയ്‌റാസിന്റെ ചടുല നീക്കങ്ങളാൽ പലപ്പോഴും ഭയന്നു. സൂപ്പർതാരം കോൾ പാൽമെറിലൂടെ പതിനാറാം മിനിറ്റിൽ ചെൽസി ലീഡെടുത്തു. എന്നാൽ ഇടവേളക്കുപിന്നാലെ പതിനെട്ടുകാരൻ എസ്‌തെവായോ പൽമെയ്‌റാസിന് സമനില നൽകി. അടുത്ത മാസം ചെൽസിയിൽ ചേരാനൊരുങ്ങുന്ന ഈ കൗമാരക്കാരൻ തകർപ്പൻ പ്രകടനമാണ് കളിയിലെമ്പാടും നടത്തിയത്. അധികസമയത്തേക്ക് മത്സരം കടക്കുമെന്ന് പ്രതീക്ഷിക്കവെ പ്രതിരോധക്കാരൻ അഗസ്റ്റിൻ ഗിയായിയുടെ പിഴവുഗോൾ ലാറ്റനമേരിക്കൻ സംഘത്തിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചു.
ടൂർണമെന്റിൽ തോൽവിയറിയാതെ മുന്നേറുന്ന ഫ്ലുമിനെൻസെയ്--ക്കായി മതേയൂസ് മാർട്ടിനെല്ലിയും ഹെർകുലെസും ഗോളടിച്ചു. ബ്രസീലുകാരൻ മാർകോസ് ലിയണാർഡോയാണ് അൽ ഹിലാലിന്റെ ആശ്വാസം കണ്ടത്.
പിഎസ്ജി സെമിയിൽ
കരുത്തരായ ബയേൺ മ്യൂണിക്കിനെ രണ്ട് ഗോളിന് വീഴ്ത്തി പിഎസ്ജി ക്ലബ് ലോകകപ്പ് സെമിയിൽ. ദിസിരെ ദുവെ, ഉസ്--മാൻ ഡെംബെലെ എന്നിവർ പാരിസുകാർക്കായി ലക്ഷ്യം കണ്ടു. ഒമ്പത് പേരുമായാണ് പിഎസ്ജി കളി അവസാനിപ്പിച്ചത്.
0 comments