ad
Deshabhimani

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, വമ്പൻമാരായ റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ 
ഇന്ന് കളത്തിൽ

‘ചിൽ’സി ; ഫിഫ ക്ലബ്‌ ലോകകപ്പിൽ ജയത്തുടക്കം

Fifa Club World Cup

ലൊസ്‌ ഏഞ്ചൽസിനെതിരെ ചെൽസിയുടെ ഗോൾ നേടിയ ക്യാപ്റ്റൻ എൺസോ ഫെർണാണ്ടസ് (ഇടത്ത്)

avatar
Sports Desk

Published on Jun 18, 2025, 12:00 AM | 2 min read

അറ്റ്‌ലാന്റ

ഫിഫ ക്ലബ്‌ ലോകകപ്പിൽ ചെൽസിക്ക്‌ ജയത്തുടക്കം. ഗ്രൂപ്പ്‌ ഡിയിൽ ലൊസ്‌ ഏഞ്ചൽസിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ഗ്രൂപ്പ്‌ സിയിൽ ബൊക്ക ജൂനിയേഴ്‌സും ബെൻഫിക്കയും 2–-2ന്‌ പിരിഞ്ഞു. മൂന്ന്‌ ചുവപ്പുകാർഡുകളാണ്‌ കളിയിൽ റഫറി വീശിയത്‌. ഗ്രൂപ്പ്‌ സിയിലെ മറ്റൊരു കളിയിൽ ബ്രസീൽ ക്ലബ്‌ ഫ്‌ളെമംഗോ ടുണീഷ്യൻ ക്ലബ്‌ എസ്‌ ടുണീസിനെ തോൽപ്പിച്ചു.


തണുപ്പൻ തുടക്കമായിരുന്നു ചെൽസിക്ക്‌. 71000 ഇരിപ്പിടമുള്ള അറ്റ്‌ലാന്റയിലെ മെഴ്‌സിഡെസ്‌ ബെൻസ്‌ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തിയത്‌ 22,137 പേർമാത്രമായിരുന്നു. അമേരിക്കൻ സമയം പകൽ മൂന്നിനായിരുന്നു കിക്കോഫ്‌. ആരാധകരുടെ ആവേശമില്ലായ്‌മ കളിയെയും ബാധിച്ചു.


പെഡ്രോ നെറ്റോയും ക്യാപ്‌റ്റൻ എൺസോ ഫെർണാണ്ടസും ലക്ഷ്യംകണ്ടു. അരങ്ങേറ്റക്കാരൻ ലിയാം ഡെലാപും തിളങ്ങി. എൺസോയുടെ ഗോളിന്‌ അവസരമൊരുക്കിയത്‌ ഡെലാപാണ്‌. ഫ്രാൻസിന്റെ ലോകകപ്പ്‌ ജേതാക്കളായ ഗോൾ കീപ്പർ ഹ്യൂഗോ ല്യോറിസും മുന്നേറ്റക്കാരൻ ഒളിവർ ജിറൂവുമായിരുന്നു ലൊസ ഏഞ്ചൽസിന്റെ പ്രധാന താരങ്ങൾ. പകരക്കാരനായെത്തിയ ജിറൂ മികച്ച കളി പുറത്തെടുത്തങ്കിലും ഗോൾ നേടാനായില്ല. ടുണീസിനെതിരെ ജോർജിയൻ ഡി അരാസ്‌കയറ്റേയും ലൂയിസ്‌ അറൗഹോയും ഫ്‌ളെമംഗോയ്‌ക്കായി ഗോൾ നേടി.


ഇരുപതിന്‌ ചെൽസി ഫ്‌ളെമംഗോയുമായും ടുണീസ്‌ ലൊസ്‌ ഏഞ്ചൽസുമായും കളിക്കും.

ഗ്രൂപ്പ്‌ സിയിൽ ബൊക്കയും ബെൻഫിക്കയും തമ്മിലുള്ള കളി ആവേശകരമായി. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്ന പോർച്ചുഗീസ്‌ ക്ലബ്ബിനെ അർജന്റീന താരങ്ങളായ ഏഞ്ചൽ ഡി മരിയയും നിക്കോളാസ്‌ ഒട്ടമെൻഡിയും ചേർന്നാണ്‌ രക്ഷിച്ചത്‌. 84–-ാം മിനിറ്റിൽ ഒട്ടമെൻഡിയുടെ ഹെഡർ ബെൻഫിക്കയ്‌ക്ക്‌ സമനിലയൊരുക്കുകയായിരുന്നു.


അമ്പതിനായിരത്തിൽ കൂടുതൽ കാണികളാണ്‌ കളി കാണാനെത്തിയത്‌. തുടങ്ങി അരമണിക്കൂറിനുള്ളിൽ ബൊക്ക രണ്ട്‌ ഗോൾ ലീഡ്‌ നേടി. മിഗ്വേൽ മെറെൻടിയെലും റോഡ്രിഗോ ബട്ടാഗ്ലിയയും ചേർന്നാണ്‌ അർജന്റീന ക്ലബ്ബിനെ മുന്നിലെത്തിച്ചത്‌.

എന്നാൽ ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ ബെൻഫിക്ക ഒരെണ്ണം തിരിച്ചടിച്ചു.


ഒട്ടമെൻഡിയെ കാർലോസ്‌ പാലാസിയോസ്‌ കാൽമുട്ടുകൊണ്ട്‌ ഇടിച്ചതിന്‌ പെനൽറ്റി. ഡി മരിയയ്‌ക്ക്‌ പിഴച്ചില്ല. ഇതിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിന്‌ ആൻഡെർ ഹെരേരയ്‌ക്ക്‌ ചുവപ്പുകാർഡും കിട്ടി. ബൊക്ക പത്തുപേരായി ചുരുങ്ങി.


72–-ാം മിനിറ്റിൽ ബെൻഫിക്കയ്‌ക്കും ഒരാളെ നഷ്ടമായി. അയ്‌ർടൺ കോസ്‌റ്റയെ അപകടകരമായി ഫൗൾ ചെയ്‌ത ആൻഡ്രിയ ബെലോട്ടി പുറത്ത്‌. കളി തീരാൻ ആറ്‌ മിനിറ്റ്‌ ശേഷിക്കെ ഒട്ടമെൻഡി ബെൻഫിക്കയുടെ രക്ഷകനായി. പിന്നാലെ ഹോർജെ ഫിഗാൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ബൊക്ക ഒമ്പതുപേരായി ചുരുങ്ങി. മൂന്ന്‌ ചുവപ്പുകാർഡിനൊപ്പം നാല്‌ മഞ്ഞ കാർഡുകളുമായിരുന്നു കളിയിൽ വീശിയത്‌. 22 ഫൗളുകളും നടന്നു.


ഇരുപതിന്‌ ഓക്‌ലൻഡ്‌ സിറ്റിയുമായാണ്‌ ബെൻഫിക്കയുടെ കളി. ബൊക്ക 21ന്‌ ബയേൺ മ്യൂണിക്കിനെ നേരിടും.


നാളെ ഇന്റർ മിലാൻ മോണ്ടെറിയെ നേരിടും. മാഞ്ചസ്‌റ്റർ സിറ്റി വിദാദ്‌ എഫ്‌സിയുമായി കളിക്കും. കരുത്തരായ റയൽ മാഡ്രിഡ്‌ സൗദി അറേബ്യൻ ശക്തികളായ അൽ ഹിലാലും തമ്മിലുള്ള പോരാട്ടവും ഇന്നാണ്‌. രാത്രി 12.30നാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home