സൂപ്പർ ഫൈനൽ ; റയൽ x പിഎസ്‌ജി സെമി ഇന്ന്

റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിനിടയിൽ

Sports Desk
Published on Jul 09, 2025, 12:00 AM | 1 min read
ന്യൂജേഴ്‌സി
ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിൽ ഫൈനലിന് മുമ്പാരു ‘സൂപ്പർ ഫൈനൽ’. യൂറോപ്പിലെ വമ്പൻ ശക്തികളായ റയൽ മാഡ്രിഡും പിഎസ്‌ജിയും ഇന്ന് സെമിയിൽ ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് പിഎസ്‌ജി. സീസണിൽ മൂന്ന് ട്രോഫികൾ ഉയർത്തി. 15 തവണ യൂറോപ്പിന്റെ കിരീടമുയർത്തിയ റയൽ അഞ്ചുവട്ടം ക്ലബ് ലോകകപ്പും നേടി. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 3–-2നാണ് റയൽ വീഴ്‌ത്തിയത്. പിഎസ്‌ജി ബയേൺ മ്യൂണിക്കിനെ 2–-0ന് തകർത്തു. ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് കളി.
പുതിയ പരിശീലകൻ സാബി അലോൺസോയ്‌ക്ക് കീഴിലെ അരങ്ങേറ്റ ടൂർണമെന്റാണ് റയലിന്. സീസണിൽ പ്രതീക്ഷിച്ച മികവുണ്ടായില്ല. പ്രധാന ട്രോഫികളൊന്നും നേടാനായില്ല. പുതിയ സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ലോകകപ്പുയർത്തി ആത്മവിശ്വാസം കൂട്ടാനാണ് ശ്രമം. ഒപ്പം മുൻതാരം കൂടിയായ സാബിക്കും കഴിവ് തെളിയിക്കേണ്ടതുണ്ട്. റയൽ മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയാണ് ശ്രദ്ധാകേന്ദ്രം. മുൻ ക്ലബ്ബിനെതിരെ ആദ്യമായാണ് ടീം വിട്ടശേഷം ഫ്രഞ്ചുകാരൻ കളിക്കാനിറങ്ങുന്നത്. ഏഴ് വർഷം പിഎസ്‌ജിക്കായി കളിച്ച എംബാപ്പെ 308 കളിയിൽ 256 ഗോളടിച്ചിട്ടുണ്ട്.
റയലിനായും അരങ്ങേറ്റ സീസണിൽ മോശമാക്കിയില്ല. 58 കളിയിൽ 44 ഗോൾ നേടി. എംബാപ്പെയ്‌ക്കൊപ്പം മുന്നേറ്റത്തിൽ വിനീഷ്യസ് ജൂനിയറും കരുത്താകും. പുതിയ കണ്ടെത്തലായ ഗോൺസാലോ ഗാർസിയയിലും പ്രതീക്ഷയുണ്ട്. നാല് ഗോളുമായി സുവർണപാദുകത്തിനായുള്ള പോരിൽ ഒന്നാമനാണ് ഗാർസിയ. മധ്യനിരയിൽ ക്യാപ്‌റ്റൻ ഫെഡറികോ വാൽവെർദെ, ആർദ ഗൂലെർ എന്നിവരും തകർപ്പൻ കളിയാണ്. പ്രതിരോധമാണ് റയലിനെ തളർത്തുന്നത്. ഇതുവരെ സ്ഥിരത കാട്ടാൻ അവർക്കായിട്ടില്ല. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെതിരെ പരിക്കുസമയമാണ് രണ്ട് ഗോൾ വഴങ്ങിയത്.
ഈ സീസണിൽ ഏറ്റവും നല്ല കളി പുറത്തെടുത്ത പിഎസ്‌ജി പരിശീലകൻ ലൂയിസ് എൻറിക്വെയുടെ തന്ത്രങ്ങളിലാണ് കുതിപ്പ്. എല്ലാ നിരയിലും അച്ചടക്കമുള്ള പ്രകടനമാണ്. ബയേണിനെതിരെ ഒമ്പത് പേരായി ചുരുങ്ങിയിട്ടും ജയിച്ചു. മധ്യനിരയിൽ വിറ്റീന്യ–-ജോയോ നെവെസ് കൂട്ടുകെട്ടാണ് പ്രധാനം. മുന്നേറ്റത്തിൽ ഉസ്‌മാൻ ഡെംബെലെയും ദിസിരെ ദുയെയും ഏത് പ്രതിരോധത്തെയും തകർക്കും. ആദ്യ ലോകകപ്പാണ് പിഎസ്‌ജി നോട്ടമിടുന്നത്.









0 comments