ഫിഫ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടർ ; ബയേൺ–ഫ്‌ളമെങോ ചെൽസി–ബെൻഫിക്ക

ബയേണിനെതിരെ ബെൻഫിക്കയുടെ വിജയഗോൾ നേടിയ ആൻഡ്രിയാസ് ഷെൽഡെറെപ്

Sports Desk
Published on Jun 26, 2025, 03:31 AM | 1 min read
കാലിഫോർണിയ
ക്ലബ് ലോകകപ്പ് ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ യൂറോപ്യൻ പോരാട്ടം. ചെൽസിയും ബെൻഫിക്കയും ഏറ്റുമുട്ടും. മറ്റൊരു കളിയിൽ ബയേൺ മ്യൂണിക് ബ്രസീൽ വമ്പൻമാരായ ഫ്‌ളമെങോയെ നേരിടും. ടുണീഷ്യൻ ക്ലബ് ഇഎസ് ടുണിഷിനെ മൂന്ന് ഗോളിന് തകർത്താണ് ചെൽസി അവസാന പതിനാറിൽ ഇടംപിടിച്ചത്. ബെൻഫിക്കയാകട്ടെ ബയേൺ മ്യൂണിക്കിനെ ഒറ്റ ഗോളിന് മറികടന്നു. തോൽവി ബയേണിന് തടസ്സമായില്ല. ലൊസ് ഏഞ്ചൽസ് എഫ്‌സിയുമായി 1–-1ന് പിരിഞ്ഞെങ്കിലും ഡി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഫ്ളമെങോ മുന്നേറിയത്.
ടുണിഷിനെതിരെ ചെൽസി മികച്ച കളി പുറത്തെടുത്തു. പ്രതിരോധക്കാരൻ ടോസിൻ അദറാബിയോ, ലിയാം ഡെലാപ്, ടൈറിഖ് ജോർജ് എന്നിവർ ഗോളടിച്ചു. ഗ്രൂപ്പ് ഡിയിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ചെൽസി. ഏഴ് പോയിന്റോടെ ഒന്നാമതുള്ള ഫ്ളമെങോ ലൊസ് ഏഞ്ചൽസ് എഫ്‌സിയുമായി പിന്നിട്ടുനിന്നശേഷമാണ് സമനില പിടിച്ചത്. ആൻഡ്രിയാസ് ഷെൽഡെറെപിന്റെ ഏക ഗോളിലാണ് ബെൻഫിക്ക ബയേണിനെ ഞെട്ടിച്ചത്. ഗ്രൂപ്പ് സിയിൽ ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു പോർച്ചുഗൽ ക്ലബ്. ബയേൺ (6) രണ്ടാമതായി. ബൊക്ക ജൂനിയേഴ്‌സും ഓക്‌ലൻഡ് സിറ്റിയും 1–-1ന് പിരിഞ്ഞു. ഇരുടീമുകളും പുറത്തായിരുന്നു. 28നാണ് ചെൽസി–-ബെൻഫിക്ക മത്സരം. ഫ്ളമെങോ 29ന് ബയേണുമായി ഏറ്റുമുട്ടും.









0 comments