ഇന്റർ കടന്നു ; ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ

റിവർപ്ലേറ്റിന്റെ മിഗ്വേൽ ബൊറയുടെ മുന്നേറ്റം തടയുന്ന ഇന്റർ മിലാൻ പ്രതിരോധക്കാരൻ ഫ്രാൻസിസ്‌കോ അകെർബി (വലത്ത്)

Sports Desk
Published on Jun 27, 2025, 12:12 AM | 1 min read
വാഷിങ്‌ടൺ
റിവർപ്ലേറ്റിനെ രണ്ട് ഗോളിന് തീർത്ത് ഇന്റർ മിലാൻ ക്ലബ് ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ഫ്രാൻസിസ്‌കോ പിയോ എസ്‌പൊസിറ്റോയും അലെസാൻഡ്രോ ബസ്‌റ്റോണിയും ഇറ്റാലിയൻ സംഘത്തിനായി വലകുലുക്കി. തോൽവിയോടെ അർജന്റീന ക്ലബ്ബായ റിവർപ്ലേറ്റ് ആദ്യറൗണ്ടിൽ പുറത്തായി. ഉറാവ റെഡ്‌സിനെ 4–-0ന് മുക്കി മെക്‌സിക്കൻ പ്രതിനിധികളായ മോണ്ടെറിയും അവസാന പതിനാറിൽ സ്ഥാനം കണ്ടെത്തി. ഇ ഗ്രൂപ്പിൽ ഏഴ് പോയിന്റുമായി ഇന്ററാണ് ഒന്നാമത്. മോണ്ടെറി (5) രണ്ടാമതും. റിവർപ്ലേറ്റിന് നാല് പോയിന്റാണ്. ജപ്പാൻ ക്ലബ്ബായ ഉറാവ മൂന്നിലും തോറ്റ് അവസാനക്കാരായി.
ദക്ഷിണ കൊറിയയുടെ ഉൽസാനെ ഒറ്റ ഗോളിന് തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്‌മുണ്ടും നോക്കൗട്ട് റൗണ്ടിലെത്തി. മമെലോദി സൺഡൗൺസിനോട് ഗോളില്ലാ സമനില വഴങ്ങിയെങ്കിലും ഫ്ലുമിനെൻസും മുന്നേറി. എഫ് ഗ്രൂപ്പിൽ ഡോർട്ട്‌മുണ്ടാണ് (7) ജേതാക്കൾ. ഫ്ലുമിനെൻസ് (5) രണ്ടാമതായി. പ്രീക്വാർട്ടറിൽ ഇന്റർ ഫ്ലുമിനെൻസിനെ നേരിടും. 3–0നാണ് പോരാട്ടം. ഡോർട്ട്‌മുണ്ടും മോണ്ടെറിയും തമ്മിൽ ജൂലൈ രണ്ടിന് ഏറ്റുമുട്ടും.
റിവർപ്ലേറ്റിന്റെ പിഴവുകൾ മുതലെടുത്താണ് ഇന്റർ ജയംപിടിച്ചത്. ഒമ്പതുപേരുമായാണ് റിവർപ്ലേറ്റ് കളി പൂർത്തിയാക്കിയത്. 66–-ാം മിനിറ്റിൽ പ്രതിരോധക്കാരൻ ലൂകാസ് മാർട്ടിനെസും പരിക്കുസമയം ഗോൺസാലോ മൊണ്ടിയെല്ലും ചുവപ്പ് കാർഡ് കണ്ട് മടങ്ങി. മാർട്ടിനെസ് കളംവിട്ട തക്കംമുതലെടുത്താണ് പത്തൊമ്പതുകാരൻ ഫ്രാൻസിസ്‌കോ ഇന്ററിന് ലീഡ് സമ്മാനിച്ചത്. മുന്നേറ്റക്കാരന്റെ ക്ലബ്ബിനായുള്ള അരങ്ങേറ്റ ഗോളാണിത്. പരിക്കുസമയം ബസ്‌റ്റോണി ജയം പൂർത്തിയാക്കി.
മോണ്ടെറി ഏകപക്ഷീയമായ കളിയിൽ ഉറാവയെ നിഷ്‌പ്രഭരാക്കി. ജർമൻ ബെർട്ടറാമെ ഇരട്ടഗോൾ നേടി. അൽഫോൺസോ അൽവാർഡോയും ഹെസ്യൂസ് മാനുവൽ കോറോണയും പട്ടിക തികച്ചു. ഡാനിയൽ സ്വെൻസന്റെ ഏക ഗോളിലാണ് ഡോർട്ട്‌മുണ്ട് ഉൽസാനെ കീഴടക്കിയത്.
ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾ നടക്കും. രാവിലെ ആറരയ്‌ക്ക് റയൽ മാഡ്രിഡ് ആർബി സാൽസ്‌ബുർഗിനെയും അൽ ഹിലാൽ പച്ചൂക്കയെയും നേരിടും.









0 comments