മെസി x പിഎസ്‌ജി ; ഇന്റർ മയാമി, പൽമെയ്‌റാസ്‌ പ്രീ ക്വാർട്ടറിൽ

Fifa Club World Cup
avatar
Sports Desk

Published on Jun 25, 2025, 01:57 AM | 1 min read


ഫ്‌ളോറിഡ

ക്ലബ്‌ ലോകകപ്പിൽ ലയണൽ മെസി മുൻ ക്ലബ്‌ പിഎസ്‌ജിക്കെതിരെ. പ്രീ ക്വാർട്ടറിലാണ്‌ മെസി നയിക്കുന്ന ഇന്റർ മയാമിയും ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ പിഎസ്‌ജിയും ഏറ്റുമുട്ടുക. 29നാണ്‌ മത്സരം. മറ്റൊരു പ്രീ ക്വാർട്ടറിൽ ബ്രസീൽ ക്ലബുകളായ പൽമെയ്‌റാസും ബൊട്ടഫോഗോയും മുഖാമുഖമെത്തും. 28നാണ്‌ കളി.


ഗ്രൂപ്പ്‌ എയിൽ രണ്ടാംസ്ഥാനക്കാരായാണ്‌ മയാമിയുടെ മുന്നേറ്റം. അവസാന കളിയിൽ പൽമെയ്‌റസുമായി 2–-2ന്‌ പിരിയുകയായിരുന്നു. അവസാന നിമിഷങ്ങളിൽ വഴങ്ങിയ രണ്ട്‌ ഗോളുകളാണ്‌ മയാമിയെ ജയത്തിൽനിന്ന്‌ തടഞ്ഞത്‌. ക്ലബ്‌ ലോകകപ്പിൽ രണ്ടാംറൗണ്ടിലെത്തുന്ന ആദ്യ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ (എംഎസ്‌എൽ) ടീമുമായി മയാമി. ഗ്രൂപ്പിൽ ഒരു കളി ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു ആവേശകരമായ പോരിൽ അൽ അഹ്‌ലിയും പോർട്ടോയും നാലുവീതം ഗോളടിച്ച്‌ പിരിഞ്ഞു. ഇരുടീമുകൾക്കും രണ്ടാം റൗണ്ടിലെത്താനായില്ല.ഗ്രൂപ്പ്‌ ബിയിൽ സിയാറ്റിൽ സൗണ്ടേഴ്‌സിനെ രണ്ട്‌ ഗോളിന്‌ മടക്കിയാണ്‌ പിഎസ്‌ജിയുടെ മുന്നേറ്റം.


പൽമെയ്‌റാസിനെതിരെ ലൂയിസ്‌ സുവാരസിന്റെ തകർപ്പൻ പ്രകടനമാണ്‌ മയാമിയെ തുണച്ചത്‌. ഗോളടിക്കുകയും മറ്റൊന്നിന്‌ അവസരമൊരുക്കിയുമാണ്‌ ഉറുഗ്വേക്കാരൻ തിളങ്ങിയത്‌. കാൽമണിക്കൂറിൽ ടാഡെ അല്ലെൻഡിയിലൂടെ അമേരിക്കൻ ക്ലബ്‌ ലീഡ്‌ നേടി. ഇടവേളയ്‌ക്കുശേഷം പൽമെയ്‌റാസ്‌ പ്രതിരോധതാരങ്ങളെ വെട്ടിച്ച്‌ മുന്നേറിയ സുവാരസ്‌ ഒന്നാന്തരം ഷോട്ടിലൂടെ വലകുലുക്കി. എന്നാൽ, കളിയുടെ അവസാന നിമിഷം പൗളീന്യോ, മൗറീസിയോ എന്നിവരുടെ ഗോളിൽ പൽമെയ്‌റാസ്‌ ഒപ്പമെത്തി.


സിയാറ്റിലിനെതിരെ പിഎസ്‌ജി ആധികാരിക പ്രകടനം പുറത്തെടുത്തു. ആദ്യപകുതിയിൽ കവിച കവാറസ്‌ഹെലിയ യൂറോപ്യൻ ചാമ്പ്യൻമാർക്കായി ലീഡൊരുക്കി. ഇടവേളയ്‌ക്കുശേഷം അഷ്‌റഫ്‌ ഹക്കീമി ജയം പൂർത്തിയാക്കി. അവസാന കളിയിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ബൊട്ടഫോഗോയിൽനിന്ന്‌ ലൂയിസ്‌ എൻറിക്വെയുടെ സംഘം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.


2021–-23 സീസണുകളിലാണ്‌ മെസി പിഎസ്‌ജിക്കായി കളിച്ചത്‌. അതേസമയം, പരിശീലകൻ എൻറിക്വെയുമായുള്ള മുഖാമുഖംകൂടിയാണ്‌ മെസിക്ക്‌. 2014–-17ൽ മെസി, സുവാരസ്‌, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്‌ എന്നീ മയാമി താരങ്ങൾ എൻറിക്വെയ്‌ക്ക്‌ കീഴിൽ ബാഴ്‌സയിൽ കളിച്ചതാണ്‌. ബാഴ്‌സ അവസാനമായി ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളായതും അമ്പത്തഞ്ചുകാരന്റെ കാലത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home