മെസിയുണ്ട്, റോണോയും നെയ്‌മറുമില്ല
ലോക (കപ്പ്) ക്ലബ് ; ഫിഫ ക്ലബ് ലോകകപ്പിന് അമേരിക്കയിൽ നാളെ പുലർച്ചെ കിക്കോഫ്


Sports Desk
Published on Jun 14, 2025, 02:15 AM | 3 min read
ന്യൂയോർക്ക്
ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിന് നാളെ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ പുലർച്ചെ 5.30ന് ആതിഥേയരായ ഇന്റർ മയാമിയും ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്‌ലിയും ഏറ്റുമുട്ടും. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിൽ നടക്കുന്ന ടൂർണമെന്റിൽ ലോകത്തെ 32 ടീമുകളാണ് പങ്കെടുക്കുക. 48 ടീമുകൾ പങ്കെടുക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിനായുള്ള മുന്നൊരുക്കംകൂടിയാണ് അമേരിക്കയ്‌ക്ക് ഈ ചാമ്പ്യൻഷിപ്പ്. ലോകകപ്പ് അമേരിക്ക ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്.
ലോക ഫുട്‌ബോളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പല രാജ്യങ്ങളിലെ ക്ലബ്ബുകളിലേക്ക് ചേക്കേറിയ കളിക്കാരുടെ സംഗമംകൂടിയാണ് ക്ലബ് ലോകകപ്പ്. എല്ലാ മേഖലയിൽനിന്നുമുള്ള ടീമുകളുമുണ്ട്. ഇതുവരെ ഓരോ മേഖലാ ചാമ്പ്യൻമാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ഇക്കുറി അതിന് മാറ്റംവന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തെടുത്ത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ക്ലബ്ബുകളുടെ തെരഞ്ഞെടുപ്പ്.
റയൽ മാഡ്രിഡ്, മാഞ്ചസ്‌റ്റർ സിറ്റി, പിഎസ്‌ജി, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, ചെൽസി, യുവന്റസ് തുടങ്ങി 12 യൂറോപ്യൻ ക്ലബ്ബുകൾ ലോകകപ്പിൽ കളിക്കും. കോൺകാകാഫിൽനിന്ന് മെസിയുടെ ഇന്റർ മയാമി ഉൾപ്പെടെ അഞ്ച് ക്ലബ്ബുകളും ലാറ്റിനമേരിക്കയിൽനിന്ന് ആറ് ടീമുകളും പങ്കെടുക്കും. ആഫ്രിക്ക (4), ഏഷ്യ (4), ഓഷ്യാനിയ (1) എന്നീ മേഖലകളിൽനിന്നാണ് മറ്റ് ടീമുകൾ.
സ്‌പാനിഷ് ലീഗ് ചാമ്പ്യൻമാരായ ബാഴ്‌സലോണ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ, ഇറ്റാലിയൻ ലീഗ് നേടിയ നാപോളി ടീമുകൾ ലോകകപ്പിനില്ല. നാല് വർഷത്തെ പ്രകടനത്തിൽ ഫിഫ നിഷ്‌കർഷിച്ച മാനദണ്ഡത്തിൽപ്പെടാത്തതാണ് കാരണം. 2021ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഹിലാലാണ് സൗദി ലീഗിൽനിന്ന് ലോകകപ്പിനെത്തുന്നത്. മുൻ സിറ്റി താരം ജോയോ കാൻസെലോ, ന്യൂകാസിൽ കളിക്കാരനായിരുന്ന അലെക്‌സാണ്ടർ മിത്രോവിച്ച് തുടങ്ങിയ കളിക്കാർ അൽ ഹിലാലിലുണ്ട്.
അതേസമയം, മെസിയുടെ ഇന്റർ മയാമിയുടെ ഉൾപ്പെടൽ നാല് വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല. ആതിഥേയ രാജ്യത്തിലെ ക്ലബ് എന്ന നിലയിലും കഴിഞ്ഞ സീസൺ മേജർ ലീഗിലെ സോക്കറിലെ ഒന്നാംസ്ഥാനക്കാരും എന്ന നിലയിലും മയാമിയെ ഉൾപ്പെടുത്തിയതെന്നാണ് ഫിഫയുടെ വാദം. അതേസമയം, എംഎൽഎസ് ചാമ്പ്യൻമാരായ ലൊസ്‌ആഞ്ചലസ് ഗാലക്‌സിക്ക് സ്ഥാനം കിട്ടിയില്ല. എംഎൽഎസിൽനിന്ന് മയാമി ഉൾപ്പെടെ മൂന്ന് ടീമുകളാണ് കളിക്കുക. മെസിയെ കൂടാതെ സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരും മയാമിയിലുണ്ട്.
ബ്രസീൽ, ചെൽസി ക്യാപ്‌റ്റനായിരുന്ന തിയാഗോ സിൽവ ബ്രസീൽ ക്ലബ് ഫ്‌ളുമിനെസിനുവേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. സ്‌പാനിഷ്, റയൽ ക്യാപ്‌റ്റനായിരുന്ന റാമോസ് മെക്‌സിക്ക് ക്ലബ് എഫ്‌സി മോണ്ടെറിയുടെ ഭാഗമാണ്. ഫൈനൽ ജൂലൈ 13ന് രാത്രി 12.30ന് നടക്കും. മാഞ്ചസ്‌റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യൻമാർ.
മെസിയുണ്ട്, റോണോയും നെയ്‌മറുമില്ല
ലയണൽ മെസി, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, സെർജിയോ റാമോസ്, ലൂയിസ് സുവാരസ്, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, ഹാരി കെയ്‌ൻ, എർലിങ് ഹാലണ്ട്, തിയാഗോ സിൽവ, എയ്‌ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരസ് തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം വിവിധ ക്ലബ്ബുകൾക്കായി ഇറങ്ങും.
സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് കളിക്കാനാകില്ല. സൗദി ലീഗിൽ റൊണാൾഡോയുടെ ക്ലബ് അൽ നസറിന് യോഗ്യത നേടാനായില്ല. താരകൈമാറ്റത്തിലൂടെ യോഗ്യതനേടിയ ക്ലബ്ബിൽ ചേർന്ന് കളിക്കാനുള്ള അവസരം നാൽപ്പതുകാരനുണ്ടായിരുന്നു. ഇതിന്റെ സാധ്യത ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റീനോ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാൽ, റൊണാൾഡോ അൽ നസറിൽ തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു. പുതിയ ക്ലബ്ബിലേക്കില്ലെന്ന് പ്രഖ്യാപിച്ചു.
ബ്രസീൽ ക്ലബ്ബായ സാന്റോസ് ഇല്ലാത്തതിനാൽ നെയ്‌മറിന്റെ സാന്നിധ്യവുമില്ല. താരം പരിക്കിൽനിന്ന് മുക്തനായി വരുന്നതേയുള്ളൂ. മുഹമ്മദ് സലാ, ലാമിൻ യമാൽ, റഫീന്യ, റൊമേലു ലുക്കാക്കു തുടങ്ങിയവരും ഇല്ല. ആരാധകരുള്ള ബാഴ്‌സലോണ, ലിവർപൂൾ, അഴ്‌സണൽ, മാഞ്ചസ്‌റ്റർ യുണൈറ്റഡ്, എസി മിലാൻ എന്നീ ടീമുകൾ ഇല്ലാത്തത് ടൂർണമെന്റിന്റെ ശോഭ കെടുത്തും.

ഗ്രൂപ്പ് എ
ഇന്റർ മയാമി (അമേരിക്ക), പൽമിറാസ് (ബ്രസീൽ), പോർട്ടോ (പോർച്ചുഗൽ), അൽ അഹ്‌ലി (ഈജിപ്‌ത്).
ഗ്രൂപ്പ് ബി
പിഎസ്‌ജി (ഫ്രാൻസ്), അത്‌ലറ്റികോ മാഡ്രിഡ് (സ്‌പെയ്‌ൻ), ബോട്ടാഫെഗോ (ബ്രസീൽ), സ്‌റ്റീൽ സൗണ്ടേഴ്‌സ് (അമേരിക്ക).
ഗ്രൂപ്പ് സി
ബയേൺ മ്യൂണിക് (ജർമനി), ബെൻഫിക്ക (പോർച്ചുഗൽ), ബൊക്ക ജൂനിയേഴ്‌സ് (അർജന്റീന), ഓക്‌ലൻഡ് സിറ്റി (ന്യൂസിലൻഡ്).
ഗ്രുപ്പ് ഡി
ചെൽസി (ഇംഗ്ലണ്ട്), ലൊസ് ആഞ്ചലസ് എഫ്‌സി (അമേരിക്ക), ഫ്‌ളമെംഗോ (ബ്രസീൽ), ഇഎസ് ടുണീസ് (ടുണീഷ്യ).
ഗ്രൂപ്പ് ഇ
ഇന്റർമിലാൻ (ഇറ്റലി), റിവർ പ്ലേറ്റ് (അർജന്റീന), മോൺറ്റെറി (മെക്‌സിക്കോ), ഉർവ റെഡ് ഡയമണ്ട്‌സ് (ജപ്പാൻ).
ഗ്രൂപ്പ് എഫ്
ഫ്‌ളുമിനെൻസ് (ബ്രസീൽ), ബൊറൂസിയ ഡോർട്ട്‌മുണ്ട് (ജർമനി), ഉൽസൻ എച്ച്‌ഡി (ദക്ഷിണ കൊറിയ), മമലോഡി സൺഡൗൺസ് (ദക്ഷിണാഫ്രിക്ക).
ഗ്രൂപ്പ് ജി
മാഞ്ചസ്‌റ്റർ സിറ്റി (ഇംഗ്ലണ്ട്), യുവന്റസ് (ഇറ്റലി), വ്യാദാദ് എസി (മൊറോക്കോ), അൽ ഐൻ (യുഎഇ).
ഗ്രൂപ്പ് എച്ച്
റയൽ മാഡ്രിഡ് (സ്‌പെയ്‌ൻ), അൽഹിലാൽ (സൗദി അറേബ്യ), പാച്ചുവ (മെക്‌സിക്കോ), ആർബി സാൽസ്‌ബർഗ് (ഓസ്‌ട്രിയ).









0 comments